മേപ്പാടി: കോഴിക്കോട്- വയനാട് തുരങ്ക പാത നിർമ്മാണത്തിനായി കൂടുതൽ യന്ത്രങ്ങൾ മീനാക്ഷിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ 10 കൂറ്റൻ യന്ത്രങ്ങളാണ് ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നത്. വരും ദിവസങ്ങളിലും കൂടുതൽ യന്ത്രങ്ങൾ കൊണ്ടുവരും. ദേശീയപാത വഴി കൽപ്പറ്റ ബൈപ്പാസിലാണ് യന്ത്രങ്ങൾ ആദ്യം എത്തിച്ചത്. തുടർന്ന് വാഹനത്തിരക്ക് ഒഴിഞ്ഞ സമയത്താണ് മേപ്പാടിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച ആറ് യന്ത്രങ്ങളാണ് കൊണ്ടുപോയത്. ഇതേ തുടർന്ന് മേപ്പാടിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മീനാക്ഷിയിൽ തുരങ്ക പാത പദ്ധതി പ്രദേശത്ത് മുപ്പതോളം കൂറ്റൻ യന്ത്രങ്ങളാണ് എത്തിയിട്ടുള്ളത്. തുരങ്കം നിർമ്മിക്കുന്ന പാറയുടെ അടുത്തേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയായ ശേഷമാണ് തുരങ്കം നിർമ്മിക്കുക. റോഡ് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മീനാക്ഷി പാലത്തിനു സമീപത്തു നിന്ന് 100 മീറ്റർ ദൂരമാണ് റോഡ് നിർമ്മിക്കുന്നത്. പത്തോളം മണ്ണുമാന്തി യന്ത്രങ്ങളും നിരവധി ടിപ്പർ ലോറികളും ഉപയോഗിച്ചാണ് മണ്ണ് നീക്കം. ഡംബിംഗ് യാർഡ് നിർമ്മിക്കുന്ന സ്ഥലത്തുതന്നെ മണ്ണ് നിരപ്പാക്കുന്നുണ്ട്. ക്രഷർ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങി. 150 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. മാർച്ച് മാസത്തിൽ തുരങ്ക നിർമ്മാണം ഔദ്യോഗികമായി തുടങ്ങും.
വയനാടിന് സമാനമായി കോഴിക്കോട് ജില്ലയിൽ ആനക്കാംപൊയിലിലും നിർമ്മാണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
2030 ഓടെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
തുരങ്കപാത നിർമ്മാണ ചെലവ്- 2134കോടി
ഇരട്ട തുരങ്കം ദൂരം- .1 കിലോമീറ്റർ
നിർവഹണ ഏജൻസി
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |