പുനലൂർ: വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുമായി ഇറങ്ങിയ മൂന്ന് പേരിൽ ഒരാളെ വനപാലക സംഘം പിടി കൂടി. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് സ്വദേശി ബോബിയെ(39) ആണ് തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ സെൽവരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന ഉറുകുന്ന് സ്വദേശി ബിനു, ഒറ്റക്കൽ ആർ.ബി.കുറ്റാലം സ്വദേശി ജയരാജ് എന്നിവർ ഓടി രക്ഷപ്പെട്ടു. വന്യമൃഗ വേട്ടയ്ക്ക് നാടൻ തോക്കുമായി 3 യുവാക്കൾ വനമേഖലയിൽ ഇറങ്ങിയെന്ന് നാട്ടുകാർ വിവരം അറിയിച്ചിരുന്നു. ഇതേ തുടർന്ന് 28ന് രാത്രി 12മണിയോടെ രാത്രികാല പരിശോധനക്ക് ഇടയിൽ ഉറുകുന്ന് ലൂർദ്മാത പള്ളിക്ക് സമീപം വച്ച് വനപാലകർ സഞ്ചരിച്ചിരുന്ന ജീപ്പ് കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കുഴിയിൽ ചാടി രക്ഷപെടാൻ ശ്രമിച്ച ബോബിയുടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് യുവാവിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം തെന്മല പൊലീസിന് കൈമാറിയെന്ന് റേഞ്ച് ഓഫീസർ ശെൽവരാജ് അറിയിച്ചു. ഇയാൾക്കെതിരെ വനം വകുപ്പും കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |