കൊച്ചി: ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ രാജ്യത്ത് പുതിയ വഴിത്താരകൾ വെട്ടിത്തുറന്ന അതികായനായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായിയും മലയാളിയുമായ ടി.പി. ഗോപാലൻ നമ്പ്യാർ എന്ന ടി.പി.ജി. പ്രവാസി ജീവിതത്തിലെ അനുഭവജ്ഞാനവും പരിചയസമ്പത്തും ഇന്ത്യൻ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തിയ ആദ്യ ഇന്ത്യക്കാരനും ടി.പി.ജിയാണ്. ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറി ഏറ്റെടുത്താണ് സംരംഭ രംഗത്തേക്ക് കടന്നത്. ഇതിനുശേഷം എയർകണ്ടീഷനിംഗ് ആൻഡ് റെഫ്രിജറേഷനിലെ ബിരുദാനന്തര ഡിപ്ളാേമയുടെ കരുത്തുമായാണ് പ്രതിരോധ മേഖലയ്‌ക്കായി ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് 1963ൽ ബി.പി.എൽ ഇന്ത്യയെന്ന കമ്പനിക്ക് തുടക്കമിട്ടത്. പ്രസിഷൻ മീറ്റർ പാനലുകളുടെ നിർമ്മാണത്തിനായി പാലക്കാട് ഫാക്‌ടറി സ്ഥാപിച്ചു. അടുത്ത ഘട്ടത്തിൽ ഇ.സി.ജികൾ, പേഷ്യന്റ് മോണിറ്ററിംഗ് സിസ്‌റ്റംസ്, ഇലക്ട്രോണിക് സ്‌റ്റെൻസിൽ സ്കാനറുകൾ, ഫ്ളാറ്റ് സ്ക്വയർ ട്യൂബ് ടെലിവിഷനുകൾ, കളർ ടി.വികൾക്കായുള്ള നിർണായക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ രംഗത്തേക്കും കമ്പനി കടന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ടി.വി, വി.സി.ആർ ബ്രാൻഡും ബി.പി.എ
ല്ലായിരുന്നു. 1982ലെ ഏഷ്യൻ ഗയിംസിന് മുന്നോടിയായി കളർ ടി.വിക്ക് പ്രചാരം ലഭിച്ചതോടെ ഈ അവസരം മുതലെടുത്ത് മികച്ച വളർച്ച നേടി.
സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ അതിവേഗം മനസിലാക്കാനും ഉപയോഗപ്പെടുത്താനും ടി.പി.ജി അതീവ ശ്രദ്ധ പുലർത്തി. ജപ്പാനിലെ തോഷിബ,സാനിയോ, ജർമ്മനിയിലെ സീമെൻസ്, അമേരിക്കയിലെ യു.എസ് വെസ്‌റ്റ് തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് വിപണി വികസിപ്പിച്ചാണ് ബി.പി.എൽ വളർച്ചയെ മുന്നോട്ടുനയിച്ചത്.
ഉദാരവത്കണ കാലത്തിൽ അടിതെറ്റി
ഉദാരവത്കരണ കാലത്ത് ആധുനികവും വൈവിദ്ധ്യമാർന്നതുമായ വിദേശ ബ്രാൻഡുകളോട് പിടിച്ചുനിൽക്കാനായില്ല. നിരവധി മേഖലകളിൽ ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ചതും ധന രംഗത്തെ മിസ്‌മാനേജ്‌മെന്റും വിപണനത്തിനായി അനാവശ്യമായി പണം ചെലവഴിച്ചതും പ്രവർത്തന മൂലധനത്തിന്റെ അഭാവവും ബി.പി.എൽ ബ്രാൻഡിനെയും അതിന്റെ സാരഥിയായ ടി.പി.ജിയെയും പതിയെ വിസ്‌മൃതിയിലാക്കി. അവസാനകാലത്ത് കുടുംബത്തിലെ അവകാശ തർക്കങ്ങളും ആഗോള ബ്രാൻഡായി ഉയരാൻ ശേഷിയുണ്ടായിരുന്ന ബി.പി.എല്ലിനെ തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |