തൃശൂർ: തെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് കേൾക്കാൻ സമയമില്ലെന്ന് കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽപ്പണ കേസുമായി ബിജെപിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
346 കേസുകളിൽ താൻ പ്രതിയാണെന്നും ഒരു കേസിൽ പോലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണം. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല. ഇതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പൊലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |