മുംബയ്: ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യദിനം അപ്രതീക്ഷിത ബാറ്റിംഗ് തകർച്ച മൂലം മേൽക്കൈ നഷ്ടമാക്കി ഇന്ത്യ. ന്യൂസിലാൻഡിനെ രവീന്ദ്ര ജഡേജയുടെ 5 വിക്കറ്റ് പ്രകടനത്തിന്റെ പിൻബലത്തിൽ ന്യൂസിലാൻഡിനെ ഒന്നാം ഇന്നിംഗ്‌സിൽ 235 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 86/4 എന്ന നിലയിലാണ്. ന്യൂസിലാൻഡിനേക്കാൾ 149 റൺസ് പിന്നിലാണ് ഇന്ത്യ.
ജഡ്ഡു മാജിക്ക്
ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്ടൻ ടോം ലതാം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 5 വിക്കറ്റ് നേടിയ ജഡേജയും 4 വിക്കറ്റ് നേടിയ വാഷിംഗ്‌ടൺ സുന്ദറും ചേർന്ന് കിവികളെ വമ്പൻസ്കോറിലേക്കെത്താതെ പിടിച്ചുകെട്ടുകയായിരുന്നു. കിവിഓപ്പണർ ഡെവോൺ കോൺവെയെ (4) വിക്കറ്റിന് മുന്നിൽകുടുക്കി അകശ്‌ദീപാണ് ഇന്ത്യൻ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടർന്ന് ലതാമിനെയും (28), രചിനെയും (4) സുന്ദർ ക്ലീൻബൗൾഡാക്കിയതോടെ 72/3 എന്ന നിലയിലായി കിവീസ്. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച ഡാരിൽ മിച്ചലും (83), വിൽ യംഗും (71)ചേർന്ന് ന്യൂസിലാൻഡിനെ കരകയറ്റി.ടീം സ്കോർ 159ൽ വച്ച് യംഗിനെ ജഡേജയുടെ പന്തിൽ സ്ലിപ്പിൽ മനോഹരമായ ക്യാച്ചിലൂടെ ഇന്ത്യൻ ക്യപ്ടൻ രോഹിത് ശർമ്മ കൈയിലൊതുക്കിയാണ് കൂട്ടുകെട്ട് തകർത്തത്. ആ ഓവറിൽ തന്നെ ബ്ലൻഡലിനെ (0) ക്ലീൻബൗൾഡാക്കിയ ജഡേജ കിവികളെ പ്രതിസന്ധിയിലാക്കി. പിന്നീടെത്തിയവരിൽ ഗ്ലെൻ ഫിലിപ്പ്‌സിന് (17) മാത്രമാണ് രണ്ടക്കം കാണാനായത്.
വലിച്ചെറിഞ്ഞ വിക്കറ്റുകൾ
ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതിന്റെ (18) വിക്കറ്റ് ടീം സ്കോർ25ൽ വച്ച് നഷ്ടമായി. മാറ്റ് ഹെൻറിക്കായിരുന്നു വിക്കറ്റ്.തുടർന്ന് യശ്വസി ജയ്‌സ്വാളും (30), ശുഭ്‌മാൻ ഗില്ലും ( പുറത്താകാതെ 30) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ അജാസ് പട്ടേലിന്റെ പന്തിൽ അനാവശ്യ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച യശ്വസി ക്ലീൻബൗൾഡായി. മൂന്നാമനായെത്തിയ നൈറ്റ് വാച്ച് മാൻ സിറാജിനെ (0) അജാസ് അടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുരുക്കി. ഫോറടിച്ച് തുടങ്ങിയ വിരാട് കൊഹ്‌ലി (4) ഇന്നലത്തെ അവസാന ഓവറിലെ മൂന്നാം പന്തിൽ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
ഗില്ലിനൊപ്പം 1 റൺസുമായി പന്താണ് കളി നിറുത്തുമ്പോൾ ക്രീസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |