
ഒരാഴ്‌ചയ്‌ക്ക് മുൻപ് 2025ലെ അവസാന ആഴ്‌ചയിലാണ് പത്തനംതിട്ട ജില്ലയിൽ ജനം തിങ്ങിപ്പാർക്കുന്നയിടത്ത് കടുവയിറങ്ങി എന്ന വാർത്ത നമ്മൾ കണ്ടത്. ചിറ്റാർ വില്ലൂന്നിപ്പാറയിൽ കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടുമുറ്റത്തെ മറയില്ലാത്ത കിണറ്റിലാണ് കടുവ വന്നുവീണത്. 12 മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷം വനംവകുപ്പും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കടുവയെ പുറത്തെത്തിച്ചത്. പ്രായം അധികമില്ലാത്ത കടുവയ്‌ക്ക് ഭാഗ്യത്തിന് കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല.
വന്യജീവി സംഘർഷം രൂക്ഷമായിട്ടുള്ള സംസ്ഥാനം കേരളം മാത്രമല്ല തമിഴ്‌നാടും കർണാടകയും പശ്ചിമബംഗാളുമെല്ലാം മനുഷ്യ-മൃഗ പോരാട്ടത്തിന് സ്ഥിരം സാക്ഷ്യം വഹിക്കുന്നുണ്ട്. രാജ്യത്തെ കടുവകളുടെ മരണനിരക്ക് വർദ്ധിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025ൽ 166 കടുവകളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ 31 എണ്ണം കുഞ്ഞുങ്ങളാണ്. മുൻവർഷത്തെ അപേക്ഷിച്ച് 40 എണ്ണം കൂടുതലാണ് മരണനിരക്ക്.

രണ്ടാഴ്‌ച മുൻപ് വയനാട് പുൽപ്പള്ളിയിൽ ദേവർഗന്ധ ഉന്നതിയിൽ പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്ന ഊരുമൂപ്പൻ കൂമൻ എന്ന മാരനെ (65) കടുവ കടിച്ചുകൊന്നു. കൂമനെ വലിച്ച് കാട്ടിലേക്ക് കടുവ കൊണ്ടുപോയി. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും കാട്ടിനുള്ളിൽ പോയി രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നും മാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പടക്കം എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷമാണ് മൃതദേഹം കൊണ്ടുവരാനായത്. കർണാടകയിൽ നിന്നും തുരത്തിയ കടുവയാണ് ആക്രമണത്തിന് പിന്നിലെന്നാണ് മനസിലായത്.
നിലമ്പൂരിൽ കാളികാവിൽ അടയ്‌ക്കാകുണ്ടിൽ റബ്ബർതോട്ടത്തിൽ വച്ച് കടുവ ആക്രമിച്ചതിനെ തുടർന്ന് ഗഫൂർ അലി (44) കൊല്ലപ്പെട്ടത് ഓഗസ്റ്റ് മാസത്തിലാണ്. ഇതിനുമുൻപ് സംസ്ഥാനത്ത് വലിയ ചർച്ചാ വിഷയമായ കടുവ ആക്രമണം 2025 ജനുവരിയിൽ വയനാട്ടിലെ പഞ്ചാരകൊല്ലിയിലാണ് ഉണ്ടായത്. വനംവകുപ്പ് വാച്ചർ അപ്പച്ചന്റെ ഭാര്യ രാധ (45)യെ ജനുവരി 24ന് പകൽ 11 മണിക്ക് കടുവ പിടികൂടി. പാതി ഭക്ഷിച്ച നിലയിലാണ് പിന്നീട് രാധയുടെ മൃതദേഹം ലഭിച്ചത്. ഏതാണ്ട് അഞ്ച് വയസ് പ്രായം വരുന്ന ഒരു പെൺകടുവയായിരുന്നു നരഭോജി. ഇതിനെ പിന്നീട് ജനുവരി 27ന് പിലാക്കാവിൽ ഒരു വീടിന്റെ പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി.
കേരളത്തിൽ മരിച്ചവ 13 എണ്ണം
പഞ്ചാരകൊല്ലിയിലെ കടുവയടക്കം 13 എണ്ണമാണ് കേരളത്തിൽ മരിച്ചത്. രാജ്യത്ത് 2023ലെ കണക്കനുസരിച്ച് 3682 കടുവകളാണ് ഉണ്ടായിരുന്നത്. 2025ലെ കടുവ സെൻസസ് കണക്കുകൾ പുറത്തുവരുന്നതേയുള്ളു. ഏറ്റവുമധികം കടുവകളുള്ളത് മദ്ധ്യപ്രദേശിലാണ്. 785 കടുവകൾ. ഏറ്റവുമധികം കടുവകൾ ചത്തതും ഇവിടെതന്നെയാണ് 55 എണ്ണം. കർണാടകയിൽ 563 കടുവകളും ഉത്തരാഖണ്ഡിൽ 560 കടുവകളുമുണ്ട് എന്നാണ് കണക്ക്. 444 കടുവകളുള്ള മഹാരാഷ്‌ട്രയിൽ 2025ൽ 38 എണ്ണത്തെ ജീവനറ്റ നിലയിൽ കണ്ടെത്തി. 183 കടുവകളാണ് കേരളത്തിലുണ്ടായിരുന്നത്. 182 കടുവകളുള്ള അസമിൽ 12 എണ്ണത്തെയാണ് കഴിഞ്ഞ വർഷം ചത്തനിലയിൽ കണ്ടത്.

ലോകത്ത് ആകെ കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിലാണ് എന്നാണ് വിവരം. 2006ൽ ഇന്ത്യയിൽ കേവലം 1411 കടുവകളേ ഉള്ലൂവെന്ന് കണ്ടെത്തിയിരുന്നു. ഇത് 2010 ആയപ്പോൾ 1706 ആയി. 2014ൽ 2226 ആയി വർദ്ധിച്ചു. 2018 സെൻസസിൽ 2967 ആയി വീണ്ടും കൂടി. ഇതിൽ നിന്നും 2023 ആയപ്പോഴേക്കും മികച്ച വർദ്ധനയാണ് ഉണ്ടായത്.
രാജ്യത്തെ കടുവകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രൊജക്‌ട് ടൈഗർ വിജയമായി എന്നുതന്നെയാണ് അനുമാനം. മദ്ധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ ഈ സമയം ഉണ്ടായത്. ഒരു ആൺ കടുവയുടെ പ്രദേശം ഇര ധാരാളമുള്ള കാടുകളിൽ 90 സ്‌ക്വയർ കിലോമീറ്ററും വലിയ കാടുകളിൽ 170 സ്‌ക്വയർ കിലോമീറ്ററുമാണ്. പെൺകടുവകൾക്കാകട്ടെ അത് 30 മുതൽ 64 ചതുരശ്ര കിലോമീറ്ററാകും.
കടുവകളുടെ എണ്ണം കുറയാനുള്ള കാരണം
കടുവകളുടെ മരണം ഇന്ത്യയിൽ കൂടാൻ പ്രധാനകാരണം മനുഷ്യനല്ല. കടുവകൾ തമ്മിൽ ഏറ്റുമുട്ടിയാണ് പലപ്പോഴും ഇവ ചത്തുപോകുന്നത്. സ്വാഭാവികമായ ആവാസവ്യവസ്ഥ നശിക്കുന്നതും ഇരകളുടെ ദൗർലഭ്യവും പലയിടത്തും കന്നുകാലികൾക്ക് വേണ്ടി മനുഷ്യരുമായി ഏറ്റുമുട്ടലുമെല്ലാം കടുവകളുടെ മരണത്തിന് ഇടയാക്കുന്നു. പലയിടത്തും കടുവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി എണ്ണം വർദ്ധിച്ചെങ്കിലും ഒറ്റയ്‌ക്ക് കഴിയാൻ ഇഷ്‌ടപ്പെടുന്ന കടുവകൾക്ക് ഭൂലഭ്യത കുറയുമ്പോൾ അവയ്‌ക്ക് നിലനിൽപ്പ് ബുദ്ധിമുട്ടിലാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |