പാലക്കാട്: കോൺഗ്രസിൽ ഗ്രൂപ്പ് കളിയായതിനാൽ പാർട്ടി വിടുന്നുവെന്നറിയിച്ച് ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ്. സിപിഎമ്മിൽ ചേർന്നെന്നും പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിനുവേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് അറിയിച്ചു. പിരിയാരി പഞ്ചായത്തിൽ ഷാഫി പറമ്പിൽ എംപി ഗ്രൂപ്പ് കളിയാണ് നടത്തുന്നതെന്നും സുരേഷ് ആരോപിച്ചു.
'പരാതികളെല്ലാം പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നും യാതൊരു തരത്തിലുളള പ്രതികരണങ്ങളും ലഭിച്ചിരുന്നില്ല. ഇനി സരിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കും. ഇതുവരെയായിട്ടും ഒരു കോൺഗ്രസ് നേതാവും വിളിച്ചിട്ടില്ല. പഞ്ചായത്തിന്റെ നിയന്ത്രണം ഷാഫിയുടെ കൈകളിലാണ്'- സുരേഷ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സരിന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരായ ദമ്പതികൾ രംഗത്തെത്തിയതും പാർട്ടിക്ക് തിരിച്ചടിയായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവുമാണ് സരിന് പിന്തുണ പ്രഖ്യാപിക്കുകയും ഷാഫി പറമ്പിൽ എംപിക്കെതിരെ തിരിയുകയും ചെയ്‌തത്. പിരായിരി പഞ്ചായത്തംഗം സിതാര ശശി, ഭർത്താവും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്.
പറഞ്ഞവാക്ക് ഷാഫി പറമ്പിൽ പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ നൽകുന്നതെന്ന് സിതാര അഭിപ്രായപ്പെട്ടത്. ഷാഫി പറമ്പിൽ നൽകിയ വികസന വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. വിജയിച്ച ശേഷം ഷാഫി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സിതാര ആരോപിച്ചു. ഇഷ്‌ടക്കാർക്ക് മാത്രമേ ഷാഫി പറമ്പിൽ ആസ്‌തി വികസന ഫണ്ടിൽ നിന്ന് പണം നൽകുവെന്ന് ശശി പറഞ്ഞു. പാർട്ടിയിൽ ഷാഫിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഷാഫിയോടുള്ള എതിർപ്പുകൊണ്ടാണ് ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് നൽകുന്നതെന്നും ശശി കൂട്ടിച്ചേർത്തു. എന്നാൽ തങ്ങൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഷാഫി പറമ്പിലിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പരാതിയ നൽകിയതായും ഇരുവരും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |