കണ്ണൂർ: മരണപ്പെട്ട എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിന്റുമായ പിപി ദിവ്യ മൊഴി നൽകി. എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ചിരുന്ന ടി വി പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും പെട്രോൾ പമ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ദിവ്യ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
പ്രശാന്തുമായി ഫോൺവിളികൾ നടന്നിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിന്റെ ഹെൽപ്പ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. ദിവ്യയുടെ ജാമ്യഹർജി ചൊവ്വാഴ്ച തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.കൂടുതൽ ചോദ്യം ചെയ്യാൻ രണ്ട് ദിവസത്തെ കസ്റ്റഡി പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ വരെ മാത്രമേ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചുള്ളൂ.
ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മൊഴിയെടുക്കണമെന്നും ബിനാമി ഇടപാടുകൾ, കളക്ടറുടെ മൊഴി തുടങ്ങി നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയെ അറിയിച്ചു. എന്നാൽ, കീഴടങ്ങിയ ദിവസം ദിവ്യയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് മുഹമ്മലി ഷഹർഷാദ് ഇന്നലെ അഞ്ച് മണി വരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നാലു മണിയോടെ പൊലീസ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി വനിതാ ജയിലിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |