തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സെനറ്റിൽ പി.പി. ദിവ്യ തുടരുന്നത് സംബന്ധിച്ച പരാതികളിൽ വൈസ്ചാൻസലറോട് ഗവർണർ വിശദീകരണം തേടി. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ റിമാൻഡിലുള്ള ദിവ്യയ്ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാറ്റഗറിയിലാണ് ദിവ്യയെ സെനറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ സെനറ്റംഗത്വം ഒഴിയേണ്ടതാണ്. ഇത് ചട്ടവിരുദ്ധമാമെന്നും സെനറ്റിൽ നിന്ന് നീക്കണമെന്നുമാണ് ജയ്സിംഗിന്റെ പരാതി.
നാലുവർഷ ബിരുദ പരീക്ഷ:
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം
തിരുവനന്തപുരം: നാലു വർഷ ബിരുദ പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് എല്ലാ കോളേജുകളിലെയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈമാസം പത്തിനകം പരിശീലനം നൽകുമെന്ന് കേരള സർവകലാശാല. ഇതിനായി അക്കാഡമിക് കോ-ഓർഡിനേറ്റർമാർ, പരീക്ഷാ ചീഫ് സൂപ്രണ്ട്, പ്രിൻസിപ്പൽമാർ എന്നിവർക്കുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിശീലനം പൂർത്തിയായി. നവംബർ 25 മുതൽ ആദ്യ സെമസ്റ്റർ പരീക്ഷ ആരംഭിക്കാനാണ് നീക്കം.
ഐ.വി.എഫ് ചികിത്സയ്ക്ക്
പ്രായപരിധി: പരിശോധിക്കും
കൊച്ചി: വൈദ്യസഹായത്തോടെ പ്രത്യുത്പാദനം നടത്താൻ സ്ത്രീക്കും പുരുഷനും പ്രായപരിധി നിശ്ചയിച്ചതിന്റെ നിയമസാധുത ഹൈക്കോടതി പരിശോധിക്കും. ഐ.വി.എഫ് പോലുള്ള ചികിത്സകൾക്കുള്ള പ്രായപരിധി പുനപ്പരിശോധിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്,ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. 11ന് വാദം കേൾക്കും. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി നിയന്ത്രണനിയമ (ആർട്ട് ആക്ട്) പ്രകാരം ഇത്തരം ചികിത്സയ്ക്ക് കുറഞ്ഞ പ്രായം 21 വയസാണ്; ഉയർന്നപ്രായപരിധി സ്ത്രീകൾക്ക് 50 വയസും പുരുഷന് 55 വയസും. പ്രായപരിധി പുനപ്പരിശോധിക്കണമെന്നും ചികിത്സ നടത്തുന്നവർക്ക് അത് തുടരാമെന്നും 2022 ഡിസംബറിലാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിൽ 2023 മേയിൽ പ്രായപരിധി കഴിഞ്ഞ മറ്റൊരു ദമ്പതികൾക്കും അനുമതി നൽകിയ ഉത്തരവിനെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |