പാലക്കാട്: പാർട്ടി വിടൽ, സമവായം, ഭിന്നത. പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാളയത്തിലെ പടനീക്കം തടയാൻ പണിപ്പെടുകയാണ് മുന്നണികൾ. അഭിമാന പോരാട്ടത്തിന് ഇറങ്ങുന്ന ഇടതു- വലതു മുന്നണിയും എൻ.ഡി.എയും അടിയൊഴുക്കുകൾ നിർണയിക്കാനാകാതെ ആശങ്കയിലാണ്. സിറ്റിംഗ് സീറ്റ് നിലനിറുത്താൻ അരയും തലയും മുറുക്കി കളത്തിലിറങ്ങിയ യു.ഡി.എഫിൽ നിന്ന് നാൾക്കുനാൾ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പി.സരിൻ തുടങ്ങിവച്ച പാർട്ടിവിടൽ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റായിരുന്ന കെ.എ.സുരേഷിലെത്തിനിൽക്കുന്നു.
മണ്ഡലത്തിൽ താമര വിരിയിക്കാൻ കാത്തിരിക്കുന്ന ബി.ജെ.പിയിലും ഭിന്നത രൂക്ഷം. സംസ്ഥാന നേതാവ് സന്ദീപ് വാര്യർ പാർട്ടിയിൽ നിന്ന് പുറത്തേക്ക് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് ഇടതു- വലതു മുന്നണികൾ പ്രചരണായുധമാക്കും. നേരത്തെ ശോഭാസുരേന്ദ്രൻ പക്ഷവും സി.കൃഷ്ണകുമാർ പക്ഷവും തമ്മിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലുകൾ കൂടിയെത്തിയതോടെ പാർട്ടി പ്രതിരോധത്തിലായി.
രണ്ടുതവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയും ചിഹ്നവും വിമത നീക്കവും തലവേദനയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് കൊഴിഞ്ഞാമ്പാറയിൽ വിമത പക്ഷം സമാന്തര യോഗം ചേർന്നിരുന്നു.
ദളിത് നേതാവ് കെ.എ.സുരേഷ് സി.പി.എമ്മിൽ
കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിനെ വിജയിപ്പിക്കാനായി പ്രവർത്തിക്കുമെന്നും സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോ. പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ആയതിന് പിന്നാലെയാണ് കെ.എ.സുരേഷിന്റെ പ്രഹരം.
അനുനയ നീക്കം ഫലംകണ്ടില്ല,
സന്ദീപ് ഇടഞ്ഞുതന്നെ
ബി.ജെ.പിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യർ. തിങ്കളാഴ്ച നടന്ന എൻ.ഡി.എ കൺവെൻഷനിൽ മുതിർന്ന നേതാക്കൾക്കൊപ്പം സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയിരുന്നില്ല. സംസ്ഥാന അദ്ധ്യക്ഷൻ കെ.സരേന്ദ്രൻ പറഞ്ഞിട്ടും തന്നെ അവഗണിച്ചതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയിൽ നിന്ന് സന്ദീപ് വാര്യർ ഒഴിഞ്ഞ് പാർട്ടി വിടുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സന്ദീപ് പ്രതികരിച്ചിട്ടില്ല.
നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്ത കൺവെൻഷനിൽ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറുമായും സന്ദീപ് വാര്യർക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് വിവരം.
ചിഹ്നമില്ലാത്തതിൽ നീരസം
ഇന്നലെവരെ മറുപക്ഷത്തുനിന്നയാളെ ഇടതുപാളയത്തിലെത്തിച്ച് സ്ഥാനാർത്ഥിത്വം നൽകിയതിൽ സി.പി.എമ്മിനുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. പാർട്ടി ചിഹ്നമില്ലാത്തതിലും പാർട്ടിയും പ്രവർത്തകരും രണ്ടുതട്ടിലാണ്. ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ച് പാർട്ടി വിടാനൊരുങ്ങിയ ഏരിയാ കമ്മിറ്റി അംഗത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞെങ്കിലും കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കം നേതൃത്വത്തിന് തലവേദനയാണ്. ഇതെല്ലാം മറുപക്ഷം പ്രചരണായുധമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |