തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനിൽ ഗവർണറുടെ നേർക്കാണ് സർക്കാർ വിരൽചൂണ്ടുന്നത്. ഗവർണർക്കു വേണ്ടിയാണ് വി.സി ഉത്തരവിറക്കിയതെന്നാണ് സർക്കാരിന്റെ ആരോപണം. ക്യാമ്പസുകളിൽ സംഘർഷമുണ്ടാക്കാനുള്ള ഗവർണറുടെ ബോധപൂർവമായ ശ്രമം ദൗർഭാഗ്യകരമാണെന്നും വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുകയാണെന്നും മന്ത്രി ബിന്ദു ആരോപിച്ചു. ശിലാന്യാസത്തിലടക്കം പങ്കെടുത്ത് ആർ.എസ്.എസ് കൂറു തെളിയിച്ചയാളാണ് വി.സി. അധികാരദുർവിനിയോഗത്തിൽ സർക്കാർ ഇടപെടും. കാവിക്കൊടിയേന്തിയ ഭാരതാംബ ആർ.എസ്.എസിന്റെ പ്രതീകമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഒപ്പിടാതെ പിടിച്ചുവയ്ക്കുകയാണ് ഗവർണറെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമുണ്ടെന്നും അച്ചടക്കനടപടിക്ക് നിയമാധികാരി തന്നെ വേണമെന്നില്ലെന്നുമാണ് രാജ്ഭവന്റെ നിലപാട്. രജിസ്ട്രാറുടെ സസ്പെൻഷൻ ചോദ്യംചെയ്തുള്ള കേസിൽ ഗവർണറെ കക്ഷിയാക്കിയാൽ അദ്ദേഹത്തിന്റെ നിയമോപദേശകൻ ഹാജരാവും. വി.സിയുടെ തീരുമാനത്തിന് അനുകൂലമായ നിലപാട് കോടതിയെ അറിയിക്കും. രജിസ്ട്രാർ ആ പദവിയിൽ തുടരട്ടെയെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചാലും അത് വി.സി അംഗീകരിക്കണം. അല്ലെങ്കിൽ അപ്പീൽ അധികാരിയായ ഗവർണറുടെ പരിഗണനയ്ക്ക് വിടണം- ഇതാണ് രാജ്ഭവന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |