തിരുവനന്തപുരം: രാസ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപഗ്രഹം ( ഇ - സാറ്റലൈറ്റ് ) ഡിസംബറിൽ വിക്ഷേപിക്കും.
2017ൽ ഇന്ത്യയുടെ ജി - സാറ്റ് 9 ഉപഗ്രഹത്തിൽ റഷ്യ നൽകിയ ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ ആദ്യമായാണ് ഉപയോഗിക്കുന്നത്.
സാധാരണ 4000കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ 2500കിലോയും ദ്രവ ഇന്ധനമായിരിക്കും. ഇലക്ട്രിക് പ്രൊപ്പൽഷനിൽ ഇത് 200കിലോ ആയി കുറയും.
ബഹിരാകാശത്ത് എത്തിച്ച ശേഷം ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിലേക്ക് നയിക്കാനും ഇന്ത്യ കേന്ദ്രീകരിച്ച് സ്ഥാനം ക്രമീകരിക്കാനും ആണ് ഇന്ധനം ഉപയോഗിക്കുന്നത്. ഇന്ധനം തീർന്നാൽ ഉപഗ്രഹം പ്രവർത്തന രഹിതമാകും. വൈദ്യുതി ഉപയോഗിക്കുമ്പോൾ ഈ പ്രശ്നങ്ങൾ മറികടക്കാം. അതേസമയം, രാസ ഇന്ധനം നൽകുന്ന അത്രയും തള്ളൽശേഷി വൈദ്യുതിക്കില്ല. 36,000കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വരെ ഉപഗ്രഹത്തെ എത്തിക്കാൻ രാസ ഇന്ധനത്തിന് ഒരാഴ്ച മതി. ഇലക്ട്രിക് പ്രൊപ്പൽഷനിൽ മൂന്ന് മാസം വേണ്ടിവരും.
സ്‌പെയ്സ് എക്സ്, വൺ വെബ്, ചെെന തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഇലക്ട്രിക് പ്രൊപ്പൽഷനാണ് ഉപയോഗിക്കുന്നത്.
നേട്ടങ്ങൾ
ഉപഗ്രഹത്തിന്റെ ഭാരം കുറയ്ക്കാം
കൂടുതൽ ഉപകരണങ്ങൾ ഘടിപ്പിക്കാം
ഉപഗ്രഹത്തിന്റെ ആയുസ് കൂടും
കൂടുതൽ കൃത്യത
നിർമ്മാണചെലവ് കുറയും
ഇ.സാറ്റലൈറ്റ്
സാധാരണ ഉപഗ്രഹത്തിൽ ദ്രവ ഒാക്സിജനും ഹൈഡ്രജനുമാണ് ഇന്ധനം. ഇത് ജ്വലിപ്പിച്ചാണ് പ്രയാണം. ഇലക്ട്രിക് പ്രൊപ്പൽഷനിൽ ആർഗോൺ വാതകത്തിന്റെ അയോണൈസ്ഡ് രൂപമാണ് ഇന്ധനം. ഇത് സൗരോർജ്ജത്തിൽ നിന്ന് ചാർജ് സ്വീകരിച്ച് വൈദ്യുതോർജ്ജമുണ്ടാക്കി ഉപഗ്രഹത്തെ മുന്നോട്ട് കൊണ്ടുപോകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |