തിരുവനന്തപുരം: ഷാരോൺ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കോടതിയെ അറിയിച്ച് മെഡിക്കൽ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്‌ടർമാർ കോടതിയിൽ നൽകിയ മൊഴി. നേരത്തേ ഏത് കളനാശിനിയാണ് നൽകിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നൽകിയത്.
ആൺസുഹൃത്തായ ഷാരോണിന് കഷായത്തിൽ കലർത്തി നൽകുന്നതിന് മണിക്കൂറുകൾ മുമ്പ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയിൽ മൊഴി നൽകി.
പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തിൽ പ്രവർത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാൽ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാൽ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾ ഓരോന്നായി സ്‌തംഭിച്ച് മരണം സംഭവിക്കുന്നു.
പാരക്വിറ്റ് നൽകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്നപേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ ഷാരോണിന് നൽകിയിരുന്നു. ഇതിന് മുമ്പും പലപ്രാവശ്യം പാരസെറ്റമോൾ എത്രയളവിൽ നൽകിയാൽ മരണം സംഭവിക്കുമെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റിൽ തെരഞ്ഞു. ഈ ഡിജിറ്റൽ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് ഹാജരായത്.
ഗ്രീഷ്‌മയ്‌ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഗ്രീഷ്‌മ വെബ്‌സെർച്ച് ചെയ്‌ത തെളിവുകൾ തഹസിൽദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണിൽ നിന്ന് കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |