കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് നിർമ്മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടി കൂടിയായ സാന്ദ്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. സിനിമ വിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്ക് വിളിച്ചുവരുത്തി അസോസിയേഷൻ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന് സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് അസോസിയേഷന്റെ നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് ആരോപിച്ചത്.
കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അയച്ച കത്തിലും സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സമൂഹത്തിൽ വലിയ ചർച്ചയായിട്ടും സിനിമ സംഘടനകൾ ഒന്നുംതന്നെ വ്യക്തമായ അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അത് പൊതുസമൂഹത്തിന് കൂടുതൽ സംശയം നൽകുന്നെന്നും സാന്ദ്ര കത്തിൽ സൂചിപ്പിച്ചിരുന്നു.
'ഞാൻ ജോലി ചെയ്യുന്ന മേഖല ഇത്രകണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നയിടമാണ് എന്നറിയുന്നതിൽ കടുത്ത അമർഷവും ദുഃഖവും തോന്നുന്നു. അതിനാൽ തന്നെ കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടാകണം. അധികാര കേന്ദ്രങ്ങളിലുള്ളവർ സ്വാധീനമുള്ളവരോ വ്യക്തമായ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ജാതി സംഘടനാ ഭാരവാഹികളോ സിനിമാ മേഖലയുമായി ബന്ധപ്പട്ട സംഘടനാ ഭാരവാഹിയോ ആകാൻ പാടില്ലെന്ന കർശന വ്യവസ്ഥ കൊണ്ടുവരണം. സിനിമാ സെറ്റുകളിലോ സ്റ്റുഡിയോകളിലോ നടക്കുന്ന ക്രിമിനൽ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംഘടനകൾക്കകത്ത് ഒത്തുതീർപ്പാക്കാതെ പൊലീസ് സ്‌റ്റേഷനിൽതന്നെ പരാതിപ്പെടണം' സാന്ദ്ര തോമസ് കത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |