
തിരുവനന്തപുരത്തിന്റെ സിനിമാ ചരിത്രത്തിൽ ഫിലിം സൊസൈറ്റികൾക്ക് വലിയ സ്ഥാനമുണ്ട്. ചിത്രലേഖയിൽ തുടങ്ങി ഇന്നും ആവേശത്തോടെ തുടരുന്ന പ്രസ്ഥാനങ്ങളിൽ ഏറ്റവും സജീവമായ ഒന്നാണ് 'ബാനർ ഫിലിം സൊസൈറ്റി'. ലോകസിനിമയുടെ വിസ്മയങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം പുതിയ സിനിമാക്കാരുടെ പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന ബാനറിന്റെ അമരക്കാരിൽ ഒരാളാണ് ആർ ബിജു. 2004 മുതൽ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിക്കുന്ന ബിജു, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ബാനറിനൊപ്പം സഞ്ചരിക്കുന്ന ബിജു, സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാറുന്ന സിനിമാ കാഴ്ചകളെക്കുറിച്ചും കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
സാംസ്‌കാരിക അവബോധത്തിന്റെ 21 വർഷങ്ങൾ
2004ലാണ് ഞങ്ങൾ ഏതാനും യുവാക്കൾ ചേർന്ന് തിരുവനന്തപുരത്ത് 'ബാനർ ഫിലിം സൊസൈറ്റി' ആരംഭിക്കുന്നത്. സിനിമയോടുള്ള അന്നത്തെ ആവേശം മാത്രമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. അന്ന് തലസ്ഥാനത്തെ പല പ്രശസ്ത സൊസൈറ്റികളും പ്രവർത്തനം നിർത്തിയ കാലമായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, 21 വർഷം പിന്നിടുമ്പോൾ ബാനർ ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമായി വളർന്നു. നല്ല സിനിമകൾ കാണുക എന്നത് ശീലത്തിനപ്പുറം ഗൗരവമായ സാമൂഹിക ഇടപെടലാണെന്ന് കൂടി ഇന്നത്തെ കാലം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

എംഎഫ് തോമസ്: സിനിമയുടെ പാഠപുസ്തകം
ബാനറിന്റെ വളർച്ചയിൽ നിർണായകമായത് മുതിർന്നവരുടെ അനുഭവ സമ്പത്താണ്. ചിത്രലേഖയുടെ ജനറൽ സെക്രട്ടറിയായിരുന്ന എംഎഫ് തോമസ് സാർ ബാനറിനൊപ്പം ചേർന്നത് വലിയ മുതൽക്കൂട്ടായി. അദ്ദേഹത്തെക്കുറിച്ച് 2018ൽ ഞാൻ ചെയ്ത 'നല്ല സിനിമയും ഒരു മനുഷ്യനും' എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന പുരസ്‌കാരം ലഭിക്കുകയുണ്ടായി. ചലച്ചിത്ര നിരൂപകരെ കേവലം വിമർശകരായല്ല, മറിച്ച് നല്ല സിനിമകളെ പഠിപ്പിച്ചെടുക്കുന്ന അദ്ധ്യാപകരായാണ് നാം കാണേണ്ടത്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇന്നും ബാനറിന് വഴികാട്ടിയാണ്.

സിനിമകളുടെ തിരഞ്ഞെടുപ്പ്
ഇന്ന് സിനിമകൾ ലഭ്യമാകാൻ വലിയ പ്രയാസമില്ല. പണ്ട് പൂനെ ആർക്കൈവ്സിലോ എംബസികളിലോ നിന്ന് ഫിലിം പെട്ടികൾ ചുമന്നുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. ഇന്ന് ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാം എളുപ്പമാക്കി. പക്ഷേ, ആയിരക്കണക്കിന് സിനിമകൾക്കിടയിൽ നിന്ന് ഏത് കാണണം എന്നതിലാണ് ശ്രദ്ധ വേണ്ടത്. എല്ലാവരും എല്ലാ സിനിമയും കാണേണ്ടതില്ല, പക്ഷേ കാണേണ്ടവ കണ്ടിരിക്കണം. 'ബൈസിക്കിൾ തീവ്സ്' പോലുള്ള ക്ലാസിക്കുകൾക്ക് പകരം, അവശ്യം കണ്ടിരിക്കേണ്ട എന്നാൽ അധികം ലഭ്യമല്ലാത്ത മികച്ച സിനിമകൾ പ്രേക്ഷകരിലെത്തിക്കാനാണ് ബാനർ ശ്രമിക്കുന്നത്.
'മൈ ഫേവറിറ്റ്' പാക്കേജ്
പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് പ്രിയപ്പെട്ട നാല് സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്ന 'മൈ ഫേവറിറ്റ്' എന്ന പാരമ്പര്യം ബാനറിനുണ്ട്. അടൂർ ഗോപാലകൃഷ്ണനെപ്പോലുള്ളവരുടെ സിനിമാ കാഴ്ചകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത് വലിയൊരു പാഠമാണ്. സിനിമ ആസ്വദിക്കാനും പരിശീലനം ആവശ്യമാണ്. മികച്ച സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകന്റെ കാഴ്ചയുടെ നിലവാരം ഉയർത്തുകയാണ് ചെയ്യുന്നത്.

പുതിയ സിനിമകളുടെ സംരക്ഷണം
വാണിജ്യ സിനിമകളുടെ തിരക്കിൽ തിയേറ്ററുകൾ ലഭിക്കാതെ പോകുന്ന സ്വതന്ത്ര സിനിമകൾക്ക് ബാനർ എന്നും ഒരു ഇടം നൽകാറുണ്ട്. യുവ സംവിധായകരുടെ ആദ്യ സൃഷ്ടികൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങളിലെ തിയേറ്ററുകൾ കൂടി ഉറപ്പാക്കേണ്ടതുണ്ട്. പല പ്രമുഖ സംവിധായകരുടെയും ആദ്യകാല പരീക്ഷണ ചിത്രങ്ങൾ ബാനറിന്റെ വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സിനിമ മാനവികതയുടെ ആയുധം
ഋത്വിക് ഘട്ടക്കിനെപ്പോലെയുള്ള ചലച്ചിത്രകാരന്മാരെ മലയാളികൾക്ക് സുപരിചിതമാക്കിയത് ഫിലിം സൊസൈറ്റികളാണ്. ബംഗാൾ വിഭജനത്തിന്റെ നോവുകൾ സിനിമയിലൂടെ ആവിഷ്‌കരിച്ച ഘട്ടക്കിന്റെ നൂറാം വാർഷികം ഞങ്ങൾ ആഘോഷിച്ചു. സിനിമ വെറുമൊരു കച്ചവട ഉൽപ്പന്നമല്ല, അത് മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കാനുള്ളതാണ്. പാലസ്തീൻ സിനിമകളുടെ പ്രദർശനത്തിലൂടെ യുദ്ധം തകർക്കുന്ന കുഞ്ഞുങ്ങളെയും മനുഷ്യരുടെ അതിജീവനത്തെയും ഞങ്ങൾ അടയാളപ്പെടുത്തി. ലോകത്തിന്റെ നാനാഭാഗത്തുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളാണ് പലപ്പോഴും ഗാസയിലെന്നപോലെ വെടിനിർത്തലിലേക്ക് പോലും നയിക്കുന്നത്. അത്തരം മാനവിക ഐക്യത്തിന് സിനിമ വലിയ പങ്കുവഹിക്കുന്നു.
ഭാവിയുടെ ബാനർ
ശക്തമായ സംഘടനാ സംവിധാനം ഇന്ന് ബാനറിനുണ്ട്. എംഎഫ് തോമസ് സാറിന്റെ ഉപദേശങ്ങൾക്കൊപ്പം മുന്നോട്ട് പോകുന്നു. ഈ മാസം ജർമ്മൻ ഫിലിം ഫെസ്റ്റിവലും ഫെബ്രുവരിയിൽ ഫ്രഞ്ച് മേളയും സംഘടിപ്പിച്ചിട്ടുണ്ട്. വെറും 300 രൂപയുടെ വാർഷിക അംഗത്വമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ അംഗങ്ങൾ അല്ലാത്തവർക്കും സിനിമകൾ കാണാൻ എപ്പോഴും പ്രവേശനമുണ്ട്. നല്ല സിനിമകളുടെ ലോകത്തേക്ക് എല്ലാവർക്കും സ്വാഗതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |