പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രാജ്യമെങ്ങും നിന്ന് സംഭാവനകൾ ഉദാരമായിത്തന്നെ പ്രവഹിക്കാറുണ്ട്. ഈ ഉദാരത, ഔദാര്യംകൊണ്ടല്ല, പ്രകൃതി ദുരന്തങ്ങൾ എവിടെയും, എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നതുകൊണ്ടാണ്. അതിനുമപ്പുറം, ദുരിതബാധിതരുടെ സ്ഥാനത്ത് ഒരു നിമിഷം തന്നെത്തന്നെ സങ്കല്പിക്കുന്നതുകൊണ്ടാണ്. ഇന്ന് ഞാൻ ചെയ്തെങ്കിലേ, നാളെ എനിക്കുവേണ്ടി ഇതേ കാരുണ്യം മറ്റൊരാളിൽ നിന്ന് ഉണ്ടാകൂ. വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് കഴിഞ്ഞ ദിവസം വയനാട് മേപ്പാടി പഞ്ചായത്തിൽ നിന്ന് ചില കുടുംബങ്ങൾക്കു നല്കിയ ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ചതും, ഉപയോഗശൂന്യവുമായിരുന്നെന്ന വാർത്ത വായിക്കുമ്പോൾ കാരുണ്യപൂർവം ഇവയൊക്കെ നല്കിയവർക്ക് എന്താവും തോന്നിയിരിക്കുക? ഭക്ഷണം നല്കാതിരിക്കുന്നതിലും എത്രയോ വലിയ ക്രൂരകൃത്യമാണ്, ഉപയോഗശൂന്യമായവ നല്കുന്നത്!
വയനാട് ദുരന്തമുണ്ടായിട്ട് നൂറു ദിവസം പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ താത്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടു തന്നെ നാളുകളെത്ര കഴിഞ്ഞു! ദുരന്തമുണ്ടായി, ആഴ്ചകൾക്കുള്ളിൽ വിതരണം ചെയ്യാനായി പല സ്ഥലങ്ങളിൽ നിന്നായി സർക്കാരും സന്നദ്ധ സംഘടനകളും സംഭരിച്ച അരിയും ഗോതമ്പും റവയും മറ്റു ഭക്ഷണപദാർത്ഥങ്ങളുമാണ് മേപ്പാടി പഞ്ചായത്തിലെ ഇ.എം.എസ് ഹാളിലെ കളക്ഷൻ സെന്ററിൽ കിറ്റുകളിലായി കൂട്ടിയിട്ടിരുന്നത്. ആവശ്യക്കാർ അവിടെയെത്തി ഇവ കൈപ്പറ്റണം. ഇങ്ങനെ കഴിഞ്ഞ ദിവസമെത്തിയ നാലു കുടുംബങ്ങൾക്കു കിട്ടിയ കിറ്റിലായിരുന്നു പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ. സംഭവം അന്വേഷിക്കാൻ ജില്ലാ കളക്ടറും ഭക്ഷ്യ സുരക്ഷാ കമ്മിഷൻ ചെയർമാനുമൊക്കെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും, യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഈ കിറ്റുകൾ യഥാസമയം വിതരണം ചെയ്യുന്നതിലുണ്ടായ സാങ്കേതിക തടസമല്ല ഏറ്രവും പ്രധാന വിഷയം; ഏതു ദുരന്തസാഹചര്യത്തിലും രാഷ്ട്രീയനേട്ടം കണക്കുകൂട്ടുന്നവരുടെ സഹജീവികാരുണ്യമില്ലായ്മയും മനുഷ്യത്വരാഹിത്യവുമാണ്.
വയനാട്ടിൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും രണ്ടിടത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പും അടുത്ത സമയമായതുകൊണ്ട് സ്വാഭാവികമായും പുഴുവരിച്ച ഭക്ഷ്യക്കിറ്ര് വിതരണം ചൂടേറിയ ചർച്ചയാണ്. ഉദാസീനതയും അലംഭാവവും ഉണ്ടായത് സർക്കാരിന്റെ റവന്യു വകുപ്പിന്റെ ഭാഗത്താണോ, അതോ സംഭരിച്ച വസ്തുക്കൾ ശേഖരിച്ചുവച്ച മേപ്പാടി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിയുടെ ഭാഗത്താണോ എന്നതാണ് തർക്കം! കഴിഞ്ഞ ഓണത്തിനു മുമ്പേ വിതരണം ചെയ്യാൻ ഉദ്ദേശിച്ചാണ് റവന്യു വകുപ്പ് ഈ ഭക്ഷ്യ ധാന്യങ്ങൾ പഞ്ചായത്തിനു കൈമാറിയത്. വിതരണത്തിന്റെ ഉത്തരവാദിത്വം പഞ്ചായത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനാണെങ്കിലും, അത് കാര്യക്ഷമമായി ചെയ്യേണ്ടിയിരുന്നത് പഞ്ചായത്ത് ഉദ്യോഗസ്ഥരാണെന്നാണ് ഭരണസമിതിയുടെ വാദം. എന്തായാലും രണ്ടുദിവസമായി ഭരണപക്ഷ സംഘടനകൾ മേപ്പാടി പഞ്ചായത്തിലേക്ക് പ്രതിഷേധ ജാഥയും സമരവുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്. അതിനെയൊക്കെ പൊലീസ് നേരിടുന്നുമുണ്ട്.
ദുരിതാശ്വാസ മേഖലകളിൽ വിതരണം ചെയ്യുന്നതിന് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഇതര സാധന സാമഗ്രികളും ശേഖരിക്കുന്ന അവസരങ്ങളിൽ, ഈ സംഭരണം നടക്കുന്നത് സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുമൊക്കെയാണ്. വ്യക്തികൾ നേരിട്ടു ചെയ്യുന്ന സംഭാവകളും കാണും. എന്നാൽ, ദുരന്തമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഇവയുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റവന്യു, തദ്ദേശ വകുപ്പുകൾക്ക് പ്രത്യേക സംവിധാനം ഉണ്ടാകേണ്ടതാണ്. പഞ്ചായത്തിൽ ഒരു കളക്ഷൻ സെന്റർ തുടങ്ങിയെങ്കിൽ, അവിടെ ശേഖരിക്കുന്ന വസ്തുക്കളുടെ വിതരണം ക്രമീകരിക്കുന്നതിനും, ഉപയോഗശൂന്യമായ വസ്തുക്കൾ പരിശോധിച്ച് നീക്കംചെയ്യുന്നതിനും പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. അതിന്റെ മേൽനോട്ടത്തിനും വിലയിരുത്തലിനും ഭാവിയിലെങ്കിലും കുറ്രമറ്റ സംവിധാനമുണ്ടാകണം. ഏതു കാര്യവും ഉചിതസമയത്ത് ചെയ്യുന്നതുകൊണ്ടേ അതിന് പ്രയോജനമുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |