ന്യൂഡൽഹി: ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാകിസ്താന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാൻഡർ അഭിന്ദൻ വർത്തമാന് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സൈനികബഹുമതിയായ വീര ചക്ര നൽകാൻ തീരുമാനം. സ്വാതന്ത്ര്യദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും. എയർഫോഴ്‌സ് സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാളിന് യുദ്ധ സേവാ മെഡൽ നൽകാനും തീരുമാനമായിട്ടുണ്ട്.
യുദ്ധസാഹചര്യത്തിൽ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര, നാവിക, വ്യോമ സേനകളിലെ സൈനികർക്ക് സമ്മാനിക്കുന്നത്. 20 വർഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര സമ്മാനിക്കുന്നത്.
പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളിൽ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തയോടിച്ചു. ഇന്ത്യൻ അതിർത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്16 യുദ്ധവിമാനം മിഗ്21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദൻ വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസൺ ജെറ്റ് മിസൈൽ ആക്രമണത്തിൽ തകരുകയും അഭിനന്ദൻ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തു. എന്നാൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാർച്ച് ഒന്നിന് അഭിനന്ദനെ പാകിസ്‌താൻ ഇന്ത്യയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |