ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തിയത് അമ്മയാണെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു പിളള. ധൈര്യമുളളവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുളളൂവെന്നും താരം പറഞ്ഞു. അമ്മയുടെ വാക്കുകൾ കാരണമാണ് ജീവിതത്തിൽ മികച്ച നിലയിലെത്തിച്ചേരാൻ സാധിച്ചതെന്നും മഞ്ജു പിളള പറഞ്ഞു. പുതിയ ചിത്രമായ സർഗത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'വാരണാസിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം പുലർച്ചെ നാല് മണിക്കാണ് ഞങ്ങൾ പുറപ്പെട്ടത്. അപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന ശവത്തെ ആളുകൾ കമ്പുപയോഗിച്ച് വലിച്ചെറിയുന്നതാണ് കണ്ടത്. മനുഷ്യന് ഉണ്ടായിരുന്നു മൂല്യമേ അതിലൂടെ നഷ്ടപ്പെടും. അതുവഴി കടന്നുപോകുന്നവർ ഈ കാഴ്ചകളാണ് കാണുന്നത്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം ശുചീകരണ പ്രവർത്തനങ്ങളൊക്കെ സജീവമായി നടക്കുന്നുണ്ട്'- താരം വ്യക്തമാക്കി.
'ജീവിതം മാറിമറിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മഞ്ജു പിളള പങ്കുവച്ചു. പല സാഹചര്യങ്ങളിൽ ജീവിതം അവസാനിപ്പിച്ച് കളയാമെന്ന് തോന്നിയിട്ടുണ്ട്. അതിൽ നിന്നൊക്കെ എന്നെ പിന്തിരിപ്പിച്ചത് അമ്മയുടെ ഇടപെടലുകളാണ്. അമ്മമാർക്കേ അതിന് സാധിക്കുകയുളളൂ. ഒരു അമ്മയായപ്പോഴാണ് എനിക്കും അത് മനസിലായത്. മകളുടെ സംസാരവും സ്വരവും ഒക്കെ മാറുമ്പോൾ അത് മനസിലാകും.
ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അമ്മയ്ക്ക് മനസിലായി. ഒരു ദിവസം നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിനിന്റെ മുൻപിൽ അമ്മ എന്നെ കൊണ്ട് നിർത്തി. എന്നിട്ടും നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു. ജീവിക്കാൻ പ്രയാസമാണെന്നും മരിക്കാനാണ് എളുപ്പമെന്നും അമ്മ എന്നോട് പറഞ്ഞു. അവിടെ നിന്നാണ് എനിക്കൊരു ചിന്ത വന്നത്. ജീവിച്ച് കാണിക്കാൻ ധൈര്യം വേണം. അത് എല്ലാവർക്കും പറ്റില്ല. അങ്ങനെയാണ് ഞാൻ മാറിയത്'-മഞ്ജു പിളള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |