പ്രശാന്ത് ഗൂഢാലോചനക്കാരനെന്ന് മെഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തും തമ്മിലുള്ള ചേരിപ്പോര് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ പിടിച്ചുലയ്ക്കുന്നു. ഉപതിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമായി കാണുന്ന മന്ത്രിമാർ ഭരണത്തിൽ ശ്രദ്ധിക്കാതെ പരക്കംപായുകയാണ്.തീരുമാനമെടുക്കാനാവാതെ ഫയലുകൾ കുമിഞ്ഞുകൂടുന്നു.
ജനങ്ങൾക്കായി സർക്കാർ ആവിഷ്കരിക്കുന്ന ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും പ്രാവർത്തികമാക്കാൻ ചുമതലപ്പെട്ട ഐ.എ.എസുകാർ രണ്ടുചേരിയായി തിരിഞ്ഞ സാഹചര്യമാണ് വന്നിരിക്കുന്നത്.
അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ സോഷ്യൽ മീഡിയയിൽ പരിഹാസം കലർത്തി വിമർശിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ഇന്നലെയും അതുതുടർന്നു.
ജയതിലക് കൽപ്പിക്കുന്ന രീതിയിൽ ഫയലും റിപ്പോർട്ടും നോട്ടുമെഴുതാൻ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ പുതിയ
ആരോപണം. ഈ പ്രവണതയ്ക്ക് അന്ത്യം കുറിക്കാൻ താൻ ഒരു വിസിൽ ബ്ളോവറായി മാറുകയാണെന്നും. വെളിപ്പെടുത്തലുകൾ തുടരുമെന്നും പ്രശാന്ത് അസന്നിദ്ധമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ അറിയിച്ചത് മൂന്നു ലക്ഷത്തോളം ഫയലുകൾ തീർപ്പാവാനുണ്ടെന്നാണ്. ഇപ്പോൾ അവയുടെ എണ്ണം വീണ്ടും കൂടി. ഇവയിൽ തീർപ്പുകൽപ്പിക്കാൻ നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരാണ് വിഴുപ്പലക്കാൻ മത്സരിക്കുന്നത്.
ഇത്തരമൊരവസ്ഥ സംസ്ഥാനത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
പ്രശാന്തിനെ നിയന്ത്രിക്കണമെന്ന നിലപാടിലാണ് മുതിർന്ന ഐ.എ.എസുകാർ. ആരെങ്കിലും കാര്യങ്ങൾ തുറന്നുപറയണ്ടേ എന്ന അഭിപ്രായക്കാരാണ് യുവ ഐ.എ.എസുകാർ.
അതിനിടെയാണ്, മുൻമന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജെ.മെഴ്സിക്കുട്ടിയമ്മ പ്രശാന്തിനെതിരെ രംഗത്തുവന്നത്.
മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി
രാഷ്ട്രീയ ഗൂഢാലോചന നടത്തി വില്ലന്റെ റോളിൽ പ്രശാന്ത് പ്രവർത്തിച്ചുവെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനുള്ള പ്രതികരണം ചോദിച്ചപ്പോൾ, അത് ആരെന്ന് പരിഹസിക്കുകയാണ് പ്രശാന്ത്ചെയ്തത്.വിഷയം കൂടുതൽ വഷളാവുമെന്നതിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന സംഭവങ്ങൾ അടുത്തിടെ നിരന്തരം ഉണ്ടാകുകയാണ്. ഇടതുപക്ഷത്തായിരുന്ന ഒരു എം.എൽ.എ നിരന്തരം ഉന്നയിച്ച ആക്ഷേപങ്ങൾക്കൊടുവിലാണ് ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന എ.ഡി. ജി.പിയെ മാറ്റേണ്ടി വന്നത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇതേ എം.എൽ.എയുടെ കാലുപിടിക്കുന്നതും വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞതാണ്. ഐ.പി.എസുകാർക്കിടിയിൽ നാളുകളായി വളരുന്ന ചേരിപ്പോരിന്റെയും നിലവാരത്തകർച്ചയുടെയും ബാക്കിപത്രമായിരുന്നു ഇതെല്ലാം.ഇപ്പോൾ ഐ.എ.എസുകാരും പരസ്യചേരിപ്പോരിലേക്ക് കടന്നിരിക്കുകയാണ്.
പ്രശാന്തിനും ഗോപാലകൃഷ്ണനും
എതിരെ നടപടിക്ക് ശുപാർശ
അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഇന്നലെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരെയും മതാടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ
ഗോപാലകൃഷ്ണനെതിരെയും നടപടി ശുപാർശചെയ്തുള്ള റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പ്രശാന്തിനെ
എല്ലാ ചുമതലകളിൽ നിന്നും താത്കാലികമായി മാറ്റിനിറുത്താനാണ് സാദ്ധ്യത. ഗോപാലകൃഷ്ണന്റെ ഇൻക്രിമെന്റ് തടയാനും സാദ്ധ്യതയുണ്ട്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുമെന്ന അഭ്യൂഹവും ശക്തമാണ്.
പ്രശാന്തിന്റേത് അച്ചടക്കലംഘനമാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്റെ വിശദീകരണം നിരാകരിച്ചുകൊണ്ടാണ് നടപടിക്ക് ശുപാർശ ചെയ്തത്.
''ഐ.എ.എസ് ഉദ്യോഗസ്ഥർ മതത്തിന്റെ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയത് ഗൗരവമായി കാണുന്നു. വിഷയം സർക്കർ പരിശോധിക്കുകയാണ്. ആവശ്യമായ നടപടിയുണ്ടാവും.
-എം.വി.ഗോവിന്ദൻ,സി.പി.എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |