ഭാരതം ലോക സാഹിത്യത്തിന് സമർപ്പിച്ച രണ്ട് ഇതിഹാസ കാവ്യങ്ങളിൽ ഒന്നാണ് രാമായണം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് രാമായണ കഥ നടന്നത്. ഇന്ത്യയിൽ രാമജന്മഭൂമിയായ അയോദ്ധ്യ, രാമലക്ഷ്‌മണന്മാരും സീതാദേവിയും 14 വർഷം വനവാസം നടത്തിയ കാലത്ത് കഴിഞ്ഞിരുന്ന പഞ്ചവടി എന്ന ഇന്നത്തെ മഹാരാഷ്‌ട്രയിലെ നാസിക് ഇവ നമുക്ക് അറിവുളളതാണ്.
ഇതോടൊപ്പം വനവാസകാലത്തിന് തൊട്ടുമുൻപ് രാമലക്ഷ്‌മണന്മാരും സീതയും കഴിഞ്ഞ പ്രയാഗ്‌രാജ്, വനവാസകാലത്ത് പിതാവായ ദശരഥ മഹാരാജാവിന്റെ മരണം രാമനെ സഹോദരൻ ഭരതൻ അറിയിച്ച മദ്ധ്യപ്രദേശിലെ ചിത്രകൂടം, രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോയപ്പോൾ രാമന് സഹായത്തിനെത്തിയ സുഗ്രീവൻ ഭരിച്ച വാനരന്മാരുടെ നാടായ കിഷ്‌കിന്ധ (ഇവിടം ഇപ്പോൾ കർണാടകയിലെ ഹംപിയിലാണ്), ലങ്കയിലേക്ക് പോകാൻ വാനരപ്പട രാമസേതു നിർമ്മിച്ച രാമേശ്വരം തുടങ്ങി രാജ്യത്തെ വിവിധയിടങ്ങളിൽ രാമായണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ഭക്തജനങ്ങൾക്കും ഇതിഹാസ പ്രിയർക്കും വേണ്ടി ഇപ്പോഴുമുണ്ട്.
ഇന്ത്യയിലെന്ന പോലെ രാമായണത്തിലെ രാക്ഷസരാജാവായ രാവണൻ ഭരിച്ചിരുന്ന ലങ്കയിലും രാമായണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശമടങ്ങിയ രസകരമായൊരു പരസ്യം ഇപ്പോൾ നിരവധി ഇന്ത്യക്കാരുടെയും ഇന്ത്യൻ സംസ്‌കാരത്തെ ഇഷ്‌ടപ്പെടുന്നവരുടെയും ശ്രദ്ധയെ ആകർഷിക്കുന്നുണ്ട്.
ശ്രീലങ്കൻ സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ എയർലൈൻസിന്റെ രാമായണം പരാമർശിക്കുന്ന പരസ്യമാണ് ഈ കാഴ്‌ചകൾ നമുക്ക് സമ്മാനിക്കുന്നത്. രാമായണം കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയും കഥയിലെ സംഭവങ്ങളെക്കുറിച്ച് സംശയം ചോദിക്കുന്ന പേരക്കുട്ടിയുമാണ് പരസ്യത്തിലുള്ളത്. അഞ്ച് മിനുട്ട് ദൈർഘ്യമുള്ള പരസ്യത്തിൽ രാമായണവുമായി ബന്ധപ്പെട്ട കഥ പറയുമ്പോൾ അതുമായി ബന്ധം വരുന്ന സ്ഥലങ്ങളുടെ മനോഹര ദൃശ്യങ്ങൾ കാണാം.
ഉസ്സൻഗോഡ ദേശീയോദ്യാനം: രാക്ഷസരാജാവായ രാവണന്റെ വാഹനമാണല്ലോ പുഷ്‌പക വിമാനം. രാവണൻ പുഷ്‌പക വിമാനവുമായി പറന്നുയരുന്നതും തിരിച്ചിറങ്ങിയതുമായ സ്ഥലമാണിതെന്നാണ് വിശ്വാസം. സീതയെ അപഹരിച്ച് രാവണൻ ലങ്കയിലേക്ക് വന്നിറങ്ങിയത് ഇവിടെയാണ് എന്ന് കരുതപ്പെടുന്നു. ഇതിനോടടുത്തു തന്നെ കടൽതീരമുണ്ട്. ഇവിടെ മണ്ണ് കടുംനിറത്തിലാണ്. ഹനുമാൻ ലങ്കാദഹനം നടത്തിയപ്പോഴാണ് മണ്ണിന് ഈ നിറമായതെന്ന് വിശ്വാസമുണ്ട്.
രാവണഗുഹ: ലങ്കയിൽ സീതയെ ആദ്യം രാവണൻ പാർപ്പിച്ച സ്ഥലമാണ് രാവണഗുഹ അഥവാ രാവണാ കേവ്‌സ്. എല്ലയിലാണ് അതിമനോഹരമായ ഈ ഗുഹയടക്കമുള്ള പ്രദേശം.
ഹക്‌ഗല ബോട്ടാണിക്കൽ ഗാർഡൻ: ശ്രീലങ്കയിലെ നുവാര എലിയയിൽ നിന്ന് 16 കിലോമീറ്റർ മാറിയാണ് ഹക്‌ഗല ബോട്ടാണിക്കൽ ഗാർഡൻ. രാവണൻ സീതയെ പാർപ്പിച്ച പ്രധാന സ്ഥലമായ അശോകവനി ഇവിടെയാണ്.
രാമസേതു പാലം: മാന്നാർ കടലിടുക്കിൽ വാനരസൈന്യം പണിത രാമസേതുവിന്റെ അവശിഷ്‌ടങ്ങൾ ഇന്നും കാണാമെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരവുമായി ലങ്കയെ ബന്ധിക്കുന്ന സ്ഥലമാണിത്.
റുമസെല: മൃതസഞ്‌ജീവനി തേടിപ്പോയ ഹനുമാന്റെ കൈയിൽ നിന്നും മരുത്വാമലയുടെ ഒരുഭാഗം അടർന്ന് താഴെവീണു. ഇങ്ങനെ അത്യപൂർവ ഔഷധച്ചെടികൾ വളരുന്ന റുമസെല എന്ന സ്ഥലം ലങ്കയിലുണ്ടായി എന്നാണ് കഥ.
സീതാ അമ്മൻ കോവിൽ: സീതാദേവിയെ തേടി ലങ്കയിലെത്തിയ ഹനുമാൻ സീതയെ കണ്ടുമുട്ടിയ സ്ഥലമാണ് സീതാ അമ്മൻ കോവിൽ. തമിഴ്‌ശൈലിയിലെ അതിമനോഹരമായൊരു ക്ഷേത്രം ഇവിടെയുണ്ട്.
ദുനുവിലെ തടാകം: രാമൻ എയ്‌ത ബ്രഹ്‌മാസ്‌ത്രം ഏറ്റ് രാവണൻ മരണമടഞ്ഞ സ്ഥലമാണ് ദുനുവിലെ തടാകം എന്നാണ് വിശ്വാസം. സിംഹള ഭാഷയിൽ ദുനു എന്നാൽ അസ്‌ത്രം എന്നാണ് അർത്ഥം. വിലെ എന്നാൽ തടാകം എന്നും അസ്‌ത്രം കൊണ്ട് രാക്ഷസരാജാവ് വീണ ഈ സ്ഥലം കാൻഡിയിൽ നിന്നും വളരെ അടുത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റായിരുന്ന റെനിൽ വിക്രമസിംഗെയും 2023 ജൂലായിൽ ഡൽഹിയിൽ വച്ച് ഏർപ്പെട്ട കരാർ പ്രകാരം രാമായണ ട്രയൽ പ്രൊജക്‌ടിൽ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെയും ശ്രീലങ്കയിലും രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ. ഇവയ്‌ക്കൊപ്പം ലങ്കയിലെ ബുദ്ധമത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്തി ടൂറിസം പ്രോജക്‌ടാണിത്. ഈ സ്ഥലങ്ങളുടെ വിവരണമാണ് ശ്രീലങ്കൻ എയർലൈൻസ് പരസ്യത്തിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |