ന്യൂഡൽഹി: ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആദിവാസി ഭൂമി സ്വന്തമാക്കാൻ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ 'ഇന്ത്യ" മുന്നണി സർക്കാർ ബംഗ്ളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചെന്നും പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ സെറൈകെലയിൽ നടന്ന റാലിയിൽ ഷാ കൂട്ടിച്ചേർത്തു.
ഗോത്രവർഗത്തിൽപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ച് ജാർഖണ്ഡിലെ ഭൂമി സ്വന്തമാക്കാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല. ബി.ജെ.പി ജയിച്ചാൽ ഇതിനായി നിയമം പാസാക്കും. നുഴഞ്ഞുകയറ്റക്കാരെ തുരത്താനും അവർ പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കാനും കമ്മിറ്റി രൂപീകരിക്കും.
ജെ.എം.എം- ആർ.ജെ.ഡി- കോൺഗ്രസ് സർക്കാരിന്റെ മുഖമുദ്ര പ്രീണനമാണ്. സംസ്ഥാനത്തെ സാമൂഹിക സൗഹാർദം ഇവർ തകർത്തു. വോട്ടിനായി അവർ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ജാർഖണ്ഡിലുടനീളം വിന്യസിച്ചു. കോൺഗ്രസ് എം.പിയുടെ വീട്ടിൽ നിന്ന് 350 കോടി രൂപ കണ്ടെത്തിയത് അഴിമതിയുടെ വ്യാപ്‌തി വ്യക്തമാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൂത്ത് പ്രവർത്തകരോട് സംവദിച്ച് പ്രധാനമന്ത്രി
ജാർഖണ്ഡിൽ ബി.ജെ.പി തിരഞ്ഞെടുക്കപ്പെട്ടാൽ വാഗ്ദാനങ്ങൾ വേഗത്തിൽ പാലിക്കുമെന്ന് ബൂത്തുതല പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. പ്രവർത്തകർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എതിരാളികൾക്ക് ഉറക്കം നഷ്‌ടപ്പെട്ടെന്നും പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംവാദത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ചെറിയ ഗ്രൂപ്പുകളായി പൊതുജനങ്ങളുമായി ഇടപഴകാൻ മോദി ഉപദേശിച്ചു. വോട്ടിംഗ് ആഘോഷമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |