SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

സുരേഷ്ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണം: ആർ.രാജഗോപാൽ

Increase Font Size Decrease Font Size Print Page

sureshgopi

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാദ്ധ്യമങ്ങൾ ചെയ്യേണ്ടതെന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ പറഞ്ഞു. കേരളപത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം ഓൺലൈൻ മുഖേന സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം ആളുകളുടെ ജനാധിപത്യ വിരുദ്ധത ജനങ്ങൾക്ക് മുന്നിൽ കൂടുതൽ തുറന്നുകാട്ടണം. ഇതോടെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകും. മാദ്ധ്യമപ്രവർത്തകത്തോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറയാൻ സുരേഷ്ഗോപി തയ്യാറാകണം. അല്ലാത്തപക്ഷം സുരേഷ്ഗോപിയുടെ വാർത്തനൽകുമ്പോൾ മാദ്ധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വ്യക്തിയാണ് എന്നത് കൂടി ഒപ്പം നൽകണം. എന്നിട്ടും തിരുത്തിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ പാലക്കാട് പ്രചരണം നടത്താൻ എത്തുന്ന ബി.ജെ.പി നേതാക്കളുടെ വാർത്തകളുടെ ഒപ്പം വരെ ഈ വിവരം നൽകണം. ഇങ്ങനെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എഡിറ്റർമാർ തയ്യാറാകണമെന്നും ആർ.രാജഗോപാൽ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയെ ദുർഗുണപരിഹാര ശാലയിൽ അയക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബു പറഞ്ഞു. തൊഴിലിനോടുള്ള ഉത്തരവാദിത്വം പുലർത്തുന്നത് കൊണ്ടാണ് സുരേഷ്ഗോപി ജനപ്രതിനിധിയായി ഇരിക്കുന്ന കാലം റിപ്പോർട്ട് ചെയ്യുമെന്നും കെയുഡബ്ലൂജെ സംസ്ഥാനസമിതി അംഗവും 24 ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.ദിലീപ്കുമാർ പറഞ്ഞു. ഉത്തരവാദിത്വപൂർവ്വം പെരുമാറാൻ സുരേഷ്ഗോപി തയാറാകണം. സുരേഷ്ഗോപി രാജാവും മറ്റുള്ളവർ പ്രജകളും അല്ലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാനേജിംഗ് കമ്മിറ്റി അംഗവും റിപ്പോർട്ടർചാനൽ നോർത്ത് ഇന്ത്യ ഹെഡുമായ പി.ആർ. സുനിൽ പറഞ്ഞു.

കെയുഡബ്ലിയുജെ സംസ്ഥാനഘടകത്തിന്റെ നിർദേശപ്രകാരമാണ് ഡൽഹിഘടകം പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഘടകം അധ്യക്ഷൻ പ്രസൂൻ എസ് കണ്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ഡി.ധനസുമോദ് സ്വാഗതം പറഞ്ഞു. എം.പ്രശാന്ത്,സി.ആർ.രജിത്,ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു.

TAGS: SURESHGOPI, SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY