കോഴിക്കോട്: മുസ്ലിംലീഗിലേക്ക് മാറിയ ആർ.ജെ.ഡി സ്വതന്ത്രയായ വനിതാകൗൺസിലറെ ചെരിപ്പുമാല അണിയിച്ച് അപമാനിക്കാൻ ശ്രമം. ഫറോക്ക് കുന്നത്ത് മോട്ട ചെനയിൽ വീട്ടിൽ സനൂബിയ നിയാസിനെയാണ് തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ അപമാനിക്കാൻ ശ്രമിച്ചത്. 2020 ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് കുന്നത്ത്മോട്ടയിൽ എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് ആർ.ജെ.ഡി സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവർ മത്സരിച്ചത്.
രാവിലെ കൗൺസിൽ ആരംഭിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞതോടെയാണ് എൽ.ഡി.എഫ് അംഗങ്ങൾ സനൂബിയയ്ക്കെതിരെ മോശം മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിലെത്തിയത്. ഇതിനിടെ വനിതാ കൗൺസിലർമാർ ചെരിപ്പുമാലയുമായി ഇവർക്കരികിലെത്തി അണിയിക്കാൻ ശ്രമിച്ചു. ഇതോടെ യു.ഡി.എഫ് വനിതാ അംഗങ്ങൾ സനൂബിയ നിയാസിന് ചുറ്റും വലയം തീർത്ത് പ്രതിരോധിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കെെയാങ്കളിയിൽ വരെയെത്തി. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കൗൺസിൽ പുനരാരംഭിച്ചത്.
ഒക്ടോബർ 26 നാണ് ഫറോക്ക് മുനിസിപ്പാലിറ്റി 14ാം ഡിവിഷനിലെ കുന്നത്ത്മോട്ട കൗൺസിലറായ സനൂബിയ ആർ.ജെ.ഡി അടുപ്പം വിട്ട് ലീഗിൽ ചേർന്നത്. പാണക്കാടെത്തിയാണ് അംഗത്വമെടുത്തത്. ഇതിനുശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലാണ് അപമാനപ്പെടുത്താൻ ശ്രമം. കഴിഞ്ഞ രണ്ടിന് പുലർച്ചെ ഇവരുടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ ഫറൂഖ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |