ഇംഫാൽ: വ്യാപക അക്രമം തുടരുന്ന മണിപ്പൂരിൽ രണ്ട് മെയ്തി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജിരിബാമിലെ ജകുരധോർ പ്രദേശത്തെ വീടുകളിൽ നിന്ന് ഇന്നലെ രാവിലെയാണ് ലയ്‌ശ്രാം ബറേൽ സിംഗ് (63), മൈബാം കേഷ്വോ സിംഗ് (71) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആക്രമണം നേരിട്ട ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ ഉണ്ടായിരുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ട്. ഇവരെ അക്രമികൾ തട്ടിക്കൊണ്ടുപോയതാണോ രക്ഷപ്പെടാൻ ഒളിവിൽ പോയതാണോ എന്ന് വ്യക്തമല്ല. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച ജിരിബാം ജില്ലയിലെ ബൊറോബേക്രയിൽ പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ച കുക്കി സംഘത്തിലെ 11 പേരെ സുരക്ഷാസേന വധിച്ചിരുന്നു.
അക്രമികളും സുരക്ഷാ സേനയും തമ്മിൽ ഏറെ നേരെ ഏറ്റുമുട്ടലുണ്ടായി. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ലൈഷ്രാം ബറേൽ സിംഗ് , മൈബാം കേഷ്വോ സിംഗ് എന്നിവർ ബോറോബെക്ര പ്രദേശത്തെ ക്യാമ്പിൽ കഴിഞ്ഞവരാണ്. കഴിഞ്ഞ ദിവസം ഹ്മർ വിഭാഗക്കാരിയായ അദ്ധ്യാപികയെയും പാടത്ത് ജോലി ചെയ്തിരുന്ന സ്ത്രീയെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ 11 കുക്കി കലാപകാരികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കാണാതായവർക്കായി തെരച്ചിൽ
കഴിഞ്ഞ ജൂണിലുണ്ടായ ആക്രമണത്തിനിടെ കുടിയിറക്കപ്പെട്ടവർക്കായി വിവിധ സ്ഥലങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ തുറന്നിരുന്നു. പൊലീസ് ക്യാമ്പിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലെത്തിയത് 118 പേർ. ബാക്കി മെയ്‌തി ആളുകൾ 20 കിലോമീറ്ററിലധികം അകലെയുള്ള ജിരിബാം ജില്ലാ ആസ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഇന്നലെയുണ്ടായ വെടിവയ്‌പിലും തീവയ്പിലും പൊലീസ് സ്റ്റേഷനിലെ ക്യാമ്പിലുള്ളവർ പരിഭ്രാന്തരായി ഓടി. ഇതിനിടെ പത്ത് പേരെ കാണാതായെന്നും രണ്ട് പേരെ പിന്നീട് കണ്ടെത്തിയെന്നും യുറെംബം സഞ്‌ജോയ് സിംഗ് എന്നയാൾ പറഞ്ഞു. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഇപ്പോഴും കാണാമറയത്താണ്. ഇവർക്കായി തെരച്ചിൽ തുടരുന്നു.
പ്രതിഷേധം ശക്തം
അതിനിടെ, 11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുക്കി സോ കൗൺസിൽ മലയോര പ്രദേശങ്ങളിൽ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ആയുധധാരികളായ ഒരുസംഘം കുക്കികൾ ബോറോബേക്ര പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ചത്. സി.ആർ.പി.എഫിന്റെ ശക്തമായ തിരിച്ചടിയിൽ 11 പേർ കൊല്ലപ്പെടുകയായിരുന്നു. ഇവരിൽനിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
റെയ്ഡ്
മണിപ്പൂരിലെ വിവിധ ജില്ലകളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി അസാം റൈഫിൾസ് അറിയിച്ചു. ചുരാചാന്ദ്പൂർ ജില്ലയിലെ ഖൊനോംഫായി ഗ്രാമത്തിൽ നടന്ന തെരച്ചിലിൽ രണ്ട് റൈഫിൾ, രണ്ട് പിസ്റ്റൾ, ആറ് ഒറ്റക്കുഴൽ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. കാങ്‌പോക്പി ജില്ലയിൽ നടന്ന റെയ്ഡിൽ രണ്ട് റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്ക്, രണ്ട് പിസ്റ്റൾ, രണ്ട് മിസൈൽ ലോഞ്ചറുകൾ, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തു. സൈന്യം, അസാം റൈഫിൾസ്, മണിപ്പൂർ പൊലീസ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |