അബുദാബി: യുഎസിന്റെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വിജയിച്ചത് യുഎഇയിലെ ഇന്ത്യക്കാരടക്കമുള്ള ഏഷ്യൻ പ്രവാസികൾക്ക് അനുഗ്രഹമായിരിക്കുകയാണ്. ട്രംപിന്റെ വിജയത്തിന് പിന്നാലെ ഏഷ്യൻ കറൻസികൾ കുത്തനെ ഇടിഞ്ഞത് യുഎഇയിൽ നിന്നുള്ള പണമയയ്ക്കൽ വർദ്ധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
യുഎസ് തിരഞ്ഞെടുപ്പോടെ യുഎസ് ഡോളറിന്റെ മൂല്യം വർദ്ധിക്കുകയും ഇന്ത്യൻ റുപ്പി പോലുള്ള ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിയുകയുമാണ് ഉണ്ടായത്. യുഎസ് ഡോളറും യുഎഇ ദിർഹവും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ സാഹചര്യത്തിൽ നാട്ടിലേയ്ക്ക് പണമയക്കുമ്പോൾ റിട്ടേൺ നിരക്ക് കൂടുമെന്നതിനാലാണ് പണമിടപാട് വർദ്ധിച്ചതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള പണമയക്കലാണ് വർദ്ധിച്ചത്. നവംബർ ആദ്യ വാരങ്ങളിലെ പണമിടപാടുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ മൂന്ന് ശതമാനവും ഫിലിപ്പീൻസിലേയ്ക്കുള്ള നാല് ശതമാനവും വർദ്ധിച്ചതായാണ് വ്യക്തമാവുന്നത്.
2024 നവംബറിൽ ഒരു യു എസ് ഡോളറിന്റെ മൂല്യം 135.79 നേപ്പാളീസ് റുപ്പിയിലെത്തി. ഇന്ത്യൻ രൂപയുടെ സമാന മൂല്യമാണ് നേപ്പാളീസ് റുപ്പിക്കുള്ളത്. കഴിഞ്ഞ തിങ്കളാഴ്‌ച ഇന്ത്യൻ റുപ്പി എക്കാലത്തെയും വലിയ ഇടിവാണ് നേരിട്ടത്. സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള പണമിടപാടിൽ 36 ശതമാനം വർദ്ധനവാണുണ്ടായത്.
എക്‌സ്‌ചേഞ്ച് നിരക്ക് വർദ്ധനവുണ്ടായെങ്കിലും പ്രവാസികൾ കുറച്ചുകൂടി കാത്തിരിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. യുഎസ് ഡോളറിന്റെ മൂല്യം ഇനിയും ഉയരും. ഇത് ഇന്ത്യൻ റുപ്പി കൂടുതൽ ഇടിയുന്നതിന് കാരണമാവുകയും റിട്ടേൺ നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |