തിരുവനന്തപുരം: പ്രളയത്തെത്തുടർന്നുള്ള രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മഴക്കെടുതി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
മഴക്കെടുതിയെത്തുടർന്ന് ബന്ധുവീട്ടിലേക്ക് മാറേണ്ടി വന്നവർക്കും അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുപോയവർക്കും സഹായം പരിഗണിക്കും. ക്യാമ്പിൽ താമസിച്ചിട്ടില്ലെങ്കിലും ,നാശനഷ്ടം സംഭവിച്ചവർക്ക് ആനുകൂല്യം ഉറപ്പാക്കും. കർക്കശ പരിശോധന നടത്തിയേ ആനുകൂല്യങ്ങൾ നൽകൂ. ധനസഹായം കിട്ടുമെന്ന് മനസ്സിലാക്കി ക്യാമ്പിലേക്ക് വന്നവരുണ്ട്. അതൊഴിവാക്കാൻ പ്രളയ ദിവസങ്ങളിൽ ക്യാമ്പിലെത്തിയവരുടെ പേരുവിവരങ്ങൾ കൃത്യതയോടെ ശേഖരിക്കുകയും. വീട് വൃത്തിയാക്കുമ്പോൾ ദുരന്തത്തിൽപ്പെട്ടവ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യേണ്ടത് വില്ലേജാഫീസർമാരുടെയും തദ്ദേശ സെക്രട്ടറിമാരുടെയും ഉത്തരവാദിത്വമാണ്. അതിനെ അടിസ്ഥാനമാക്കിയാവും സഹായം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം.
അപകട സാദ്ധ്യതയുള്ള കുന്നിൻപ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് നല്ലത്.. പുത്തുമലയിൽ 17 പേർ രക്ഷപ്പെട്ടത് മാറിത്താമസിച്ചതിനാലാണ്. റോഡ്, കനാൽ, വീട് കെട്ടിടം എന്നിവ തകർന്നത് എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണം. താഴ്ന്ന പ്രദേശങ്ങളിലെ തകർന്ന കക്കൂസുകൾ ശരിയാക്കാൻ മുൻകൈയെടുക്കണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ പണം തട്ടിപ്പിനുള്ള നീക്കങ്ങൾ തടയണം. 1000 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 1,13,000 കൃഷിക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 28,000 ഹെക്ടർ കൃഷിഭൂമിക്ക് നാശം സംഭവിച്ചു. മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |