അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അടിസ്ഥാനപരമായി ഒരു സമ്പൂർണ രാഷ്ട്രീയക്കാരനല്ല. തന്ത്രപരമായി, അവസരത്തിനിണങ്ങുന്ന രാഷ്ട്രീയക്കാരന്റെ ശൈലിയിലല്ല അദ്ദേഹം സംസാരിക്കാറുള്ളത്. ട്രംപിൽ മുന്നിട്ടു നിൽക്കുന്നത് ഒരു ബിസിനസുകാരന്റെ യുക്തിയാണ്. രാഷ്ട്രീയക്കാർ ഒരുപാട് സംസാരിക്കുകയും കുറച്ചു മാത്രം പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, ബിസിനസുകാർ കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ ഇത്തവണ വോട്ടെടുപ്പിൽ മുന്നിലെത്തി, പ്രസിഡന്റാകുമെന്ന് ഉറപ്പായപ്പോൾ ട്രംപ് എല്ലാ രാഷ്ട്രീയക്കാരെയും തോൽപ്പിക്കുന്ന മട്ടിൽ ലോകത്തു നടക്കുന്ന യുദ്ധങ്ങൾ ഇല്ലാതാക്കുമെന്നാണ് ആദ്യ പ്രതികരണങ്ങളിൽ പറഞ്ഞത്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള നേതാവു തന്നെയാണ് ട്രംപ്. എന്നാൽ ഗാസയിലെ യുദ്ധത്തിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുക ട്രംപിനു പോലും അത്ര എളുപ്പമല്ല. അമേരിക്കയെ വീണ്ടും 'ഗ്രേറ്റ്" ആക്കുന്നതിന് ഈ യുദ്ധവും അവസാനിപ്പിക്കേണ്ടതുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുൻനിരയിലുള്ള ഇലോൺ മസ്‌ക് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ട്രംപിന്റെ തോളോടു തോൾ ചേർന്ന പ്രചാരണമാണ് നടത്തിയത്. ഒരു ബിസിനസുകാരനെ സംബന്ധിച്ച് അതൊരു വലിയ 'റിസ്‌ക്" ആണ്. അഥവാ, പാർട്ടിയുടെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാണ് വിജയിയായി വന്നിരുന്നെങ്കിൽ പല തിരിച്ചടികളും മസ്‌കിന് നേരിടേണ്ടിവന്നേനെ. റിസ്‌കുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതാണ് മസ്‌കിന്റെ രീതി. ബഹിരാകാശ യാത്രയും സ്റ്റാർ ലിങ്കും, ടെസ്‌ലയും ഡോഷ്‌കോയിനുമൊക്കെ അതിന് തെളിവുകളാണ്. നാസയ്ക്കും ബോയിംഗിനും പോലും കഴിയാതിരുന്ന കാര്യങ്ങളാണ് മസ്‌ക് ബഹിരാകാശ രംഗത്ത് വിജയിപ്പിച്ചു കാണിച്ചത്. സ്വഭാവികമായും ഇതെങ്ങനെ കഴിഞ്ഞു എന്നതിന്റെ വിശദാംശങ്ങൾ മസ്‌ക് ട്രംപുമായി പങ്കുവച്ചിരിക്കും. അതിൽ, സർക്കാർ സംവിധാനത്തിന്റെ പോരായ്‌മകളാണ് പലതും വിജയകരമാക്കാൻ കഴിയാതിരിക്കുന്നതിന് പ്രധാന കാരണമെന്ന് മസ്‌ക് സൂചിപ്പിച്ചിരിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, ആനയ്ക്ക് അതിന്റെ ബലമറിയാത്തതാണ് പ്രശ്നമെന്ന് ഒരു തവണ പ്രസിഡന്റായിരുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ട്രംപിന് വേഗം മനസിലായെന്നു വേണം കരുതാൻ. അമേരിക്കയിലെ സർക്കാർ സംവിധാനത്തിന്റെയും ഏജൻസികളുടെയും പ്രവർത്തന മികവ് കൂട്ടുന്നതിന് പ്രത്യേകമായി ഒരു കാര്യക്ഷമതാ ഡിപ്പാർട്ട്‌മെന്റ് രൂപീകരിച്ച് അതിന്റെ തലപ്പത്ത് മസ്‌കിനെയും, ഇന്ത്യൻ വേരുകളുള്ള ബയോടെക് സംരംഭകനുമായ വിവേക് രാമസ്വാമിയെയും നിയോഗിച്ചിരിക്കുകയാണ് ട്രംപ്. ചെലവ് ചുരുക്കുന്നതിലുപരി, സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് എന്താണ് പ്രധാനമായും ചെയ്യേണ്ടത് എന്നാവും ഈ വകുപ്പ് പഠിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. വലിയ അപകടങ്ങളൊന്നും വരുത്താതെ മന്ദഗതിയിലുള്ള ഒരു പ്രയാണമാണ് സാധാരണ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുക. അമേരിക്കയിൽ അതിന്റെ സ്‌പീഡ് കുറച്ച് കൂടുതലായിരിക്കാം; ഇന്ത്യയിൽ കുറവും. പക്ഷേ ഈ സംവിധാനം കാലാകാലങ്ങളിൽ അഴിച്ചുപണിതില്ലെങ്കിൽ രാജ്യത്തെ മഹത്തരമാക്കാൻ അത് ഉപകരിക്കില്ല.
ഒരു നിമിഷംകൊണ്ട് ചെയ്യാവുന്ന കാര്യമായാലും, പതിവു ശൈലിയിൽ പതിവു സമയമെടുത്ത് അതു ചെയ്യുക എന്ന രീതിയാണ് അമേരിക്കയിലെ പോലും സർക്കാർ ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് അടിമുടി മാറ്റാതെ രാജ്യത്തെ മുന്നോട്ടു നയിക്കാനാവില്ല എന്ന സൂക്ഷ്മദർശനമാണ് ട്രംപ് കാണിച്ചുതരുന്നത്. അത്ഭുതകരമായ കഴിവുകളുള്ള രണ്ട് അമേരിക്കക്കാർ ചേർന്ന്, അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും പാഴ്ച്ചെലവുകൾ നിറുത്താനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും തന്റെ ഭരണകൂടത്തിന് വഴിയൊരുക്കുമെന്നും, ഇത് 'സേവ് അമേരിക്ക" മൂവ്‌മെന്റിന് അത്യന്താപേക്ഷിതമാണെന്നുമാണ് ട്രംപ് വിശ്വസിക്കുന്നത്. ഇരുവരും ചേർന്ന് ഗവൺമെന്റിലെ മാലിന്യങ്ങളെയും തട്ടിപ്പുകളെയും പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. ഇതുപോലൊരു ഡിപ്പാർട്ട്‌മെന്റ് മോദി ഇന്ത്യയിലും തുടങ്ങേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |