വ്യാപാര കമ്മി 2,714 കോടി ഡോളറിൽ
കൊച്ചി: ഒക്ടോബറിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 17.3 ശതമാനം ഉയർന്ന് 3,920 കോടി ഡോളറായി. ഇറക്കുമതി 3.9 ശതമാനം വർദ്ധനയോടെ 6,634 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 2,714 കോടി ഡോളറിലെത്തി. മുൻവർഷം ഒക്‌ടോബറിൽ വ്യാപാര കമ്മി 3,310 കോടി ഡോളറായിരുന്നു. സെപ്തംബറിൽ ഇന്ത്യയുടെ കയറ്റുമതി 3,458 കോടി ഡോളറും ഇറക്കുമതി 5,536 കോടി ഡോളറുമായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിച്ചതും ആപ്പിൾ ഐ ഫോൺ ഉൾപ്പെടെയുള്ള ഇലകട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ കരുത്തും നേട്ടമായി. ക്രൂഡോയിൽ, സ്വർണം എന്നിവയിലെ വിലക്കുതിപ്പാണ് ഇറക്കുമതി കൂട്ടിയത്.
റെക്കാഡ് വീഴ്ച തുടർന്ന് രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപ ഇന്നലെ രണ്ട് പൈസ നഷ്‌ടത്തോടെ 84.36ൽ വ്യാപാരം പൂർത്തിയാക്കി. രാജ്യാന്തര വിപണിയിൽ ഡോളർ അഭൂതപൂർവമായ കരുത്ത് നേടുന്നതാണ് വിനയാകുന്നത്. ഏഷ്യയിലെ മറ്റ് നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ സ്ഥിതി മെച്ചമാണെന്ന് വ്യാപാരികൾ പറയുന്നു. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം രൂപ 0.4 ശതമാനം ഇടിവ് നേരിട്ടപ്പോൾ ചൈനീസ് യുവാന് 2.7 ശതമാനവും തായ് ബാത് 2.4 ശതമാനവും തകർച്ച നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |