മുംബയ്: ഐപിഎൽ 2025 സീസണിന്റെ താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. നവംബർ 24,25 തീയതികളിൽ ജിദ്ദയിൽ വച്ചാണ് ലേലം. 2024 സീസണിൽ 24.75 കോടി രൂപയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ഓസീസ് പേസ് ബൗളർ മിച്ചൽ സ്‌റ്റാർക്കാണ് ചരിത്രത്തിൽ ഇന്നോളം വലിയ വില ലഭിച്ച താരം. എന്നാൽ ഇതിലേറെ തുക നൽകി ടീമുകൾ ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കിയേക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ജോസ്‌ബട്‌ലർ, ആർഷ്‌ദീപ് സിംഗ്, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങി നിരവധി താരങ്ങൾക്ക് വൻ തുക ലേലത്തിൽ ലഭിക്കാം എങ്കിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ഡൽഹി ക്യാപിറ്റൽ മുൻ നായകനുമായ റിഷഭ് പന്തിനാണ് സ്റ്റാർക്കിന് ലഭിച്ചതിനെക്കാൾ തുക ലഭിക്കുമെന്ന് പഠാൻ പറയുന്നത്.
27കാരനായ ഇന്ത്യൻ താരം ഐപിഎല്ലിൽ കളിക്കാൻ ആരംഭിച്ച ശേഷം ഇന്നുവരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മാത്രമാണ് മത്സരിച്ചത്. 111മത്സരങ്ങളിൽ 3284 റൺസ് 148 സ്‌ട്രൈക് റേറ്റിൽ ഇടംകൈയൻ താരം നേടിയിട്ടുണ്ട്. പുറത്താകാതെ 128 റൺസ് നേടിയതാണ് ബാറ്റിംഗിൽ മികച്ച പ്രകടനം. 75 ക്യാച്ചുകളും 23 സ്റ്റമ്പിംഗും വിക്കറ്റ് കീപ്പർ എന്ന നിലയിൽ നേടി.
ഇത്തവണ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ഡൽഹി പന്തിനെ നിലനിർത്തിയിരുന്നില്ല. ഡൽഹി വിടാനുള്ള പന്തിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ ഗവാസ്‌കർ ശക്തമായി വിമർശിച്ചിരുന്നു. പണം മോഹിച്ചാണ് പന്ത് ഡൽഹി വിട്ടതെന്നാണ് ഗവാസ്‌കർ പറഞ്ഞത്. ഇതിന് തന്റെ കാര്യത്തിൽ പണമല്ല കാരണമെന്ന് ഉറപ്പിച്ച് പറയാമെന്നാണ് പന്ത് മറുപടി കൊടുത്തത്. ഇതോടെ ഗവാസ്‌കറിന് നേരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനവുമായി എത്തുകയും ചെയ്‌തു.
പന്തിനെ സൂചിപ്പിച്ച് ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്. 'മിച്ചൽ സ്‌റ്റാർക്കിന്റെ ലേല റെക്കോർഡ് അപകടത്തിലാണ്. റിഷഭ് പന്ത് അത് തകർക്കാൻ തയ്യാറാണ്.' 2016ൽ ആദ്യമായി പന്തിനെ ഡൽഹി ലേലത്തിൽ സ്വന്തമാക്കിയത് 1.9 കോടി രൂപയ്‌ക്കായിരുന്നു. 2018ൽ എട്ട് കോടി നൽകിയാണ് ഫ്രാഞ്ചൈസി പന്തിനെ നിലനിർത്തിയത്. 2022ൽ ഇത് 16 കോടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |