സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചന വാർത്ത സംഗീതലോകം ഞെട്ടലോടെയാണ് കേട്ടത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനമിട്ടാണ് ഇരുവരും വേർപിരിയുന്നത്. ഇപ്പോഴിതാ എ ആർ റഹ്മാന്റെ വേർപിരിയലിന് പിന്നിൽ അദ്ദേഹത്തിന്റെ ബേസിസ്റ്റ് മോഹിനി ഡേ ആണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം അഭ്യൂഹങ്ങൾ പരക്കുകയാണ്. റഹ്മാനും സൈറയും വേർപിരിയുന്ന വിവരം പുറത്തുവന്ന അതേദിവസം തന്നെയാണ് ഭർത്താവ് മാർക് ഹാർട്ട്‌സച്ചുമായി പിരിയുകയാണെന്ന് മോഹിനി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് എന്നതാണ് സംശയങ്ങൾക്ക് കാരണം.
29കാരിയായ മോഹിനി ഡേ കൊൽക്കത്ത സ്വദേശിയാണ്. 40ലധികം സംഗീത പരിപാടികളിൽ മോഹിനി റഹ്മാനൊപ്പം പങ്കെടുത്തിട്ടുണ്ട്. ഗാൻ ബംഗ്ളായുടെ സംഗീത ടെലിവിഷൻ പരിപാടിയായ വിൻഡ് ഒഫ് ചേഞ്ചിലും മോഹിനി പങ്കെടുത്തിരുന്നു.
അതേസമയം, റഹ്മാനും മോഹിനിയും തങ്ങളുടെ വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതുമായി പരസ്പരബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ റഹ്മാന്റെയും സൈറ ബാനുവിന്റെയും അഭിഭാഷകയായ വന്ദനാ ഷാ തള്ളി. രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് അഭിഭാഷക വ്യക്തമാക്കി. പൊരുത്തക്കേടുകൾ കാരണം അവർ മാന്യമായി വേർപിരിയുകയായിരുന്നു. അതിലിനി ഊഹാപോഹങ്ങൾ കുത്തിനിറച്ച് അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ഒരുപാട് ആലോചിച്ചാണ് ദമ്പതികൾ വിവാഹമോചനം എന്ന തീരുമാനമെടുത്തതെന്നും അഭിഭാഷക പറഞ്ഞു.
1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. അറേയ്‌ഞ്ചിഡ് വിവാഹമാണെന്നും സൈറയെ മാതാവാണ് കണ്ടെത്തിയതെന്നും റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. ഭാര്യയെ സംബന്ധിച്ച് മൂന്ന് നിബന്ധനകൾ താൻ മാതാവിനോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള, സംഗീതത്തെ ആദരിക്കുന്ന, മനുഷ്യത്വമുള്ള ഭാര്യയെ വേണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും റഹ്മാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനൊടുവിൽ സൈറയെ വധുവായി തിരഞ്ഞെടുത്തു. റഹ്മാൻ- സൈറ ദമ്പതികൾക്ക് ഖതീജ, റഹീമ, അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |