പെർത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്‌റ്റിൽ ഒന്നാംദിനം പെർത്തിൽ വീണത് 17 വിക്കറ്റുകൾ. 150 റൺസിന് ഇന്ത്യൻ ബാറ്റർമാരെ ചുരുട്ടിക്കെട്ടിയ ഓസ്‌ട്രേലിയയ്‌ക്ക് അതേനാണയത്തിൽ മറുപടിയാണ് ഒന്നാം ടെസ്‌റ്റിലെ ഇന്ത്യൻ നായകൻ ബുംറ നൽകിയത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 27 ഓവറിൽ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 67 റൺസ് മാത്രമാണ് നേടിയത്.
ഓപ്പണർമാരായ ഉസ്‌മാൻ ക്വാജ, നഥാൻ മക്‌സ്വീനി, മുൻ നായകൻ സ്റ്റീവ് സ്‌മിത്, നായകൻ പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റുകൾ ബുംറയാണ് വീഴ്‌ത്തിയത്. ലബുഷെയ്ൻ (2), മിച്ചൽ മാർഷ് (6) എന്നിവരെ സിറാജ് പുറത്താക്കി. ഒരുഘട്ടത്തിൽ ഭീഷണിയാകും എന്ന് തോന്നിയ ട്രാവിസ് ഹെഡിനെ(11) പുതുമുഖ താരം ഹർഷിത് റാണ വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ പെർത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജയ്‌സ്വാളും ദേവ്‌ദത്ത് പടിക്കലും റണ്ണൊന്നും നേടും മുൻപ് പുറത്തായി. കൊഹ്‌ലി(5)യും നിരാശപ്പെടുത്തി. ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച രാഹുൽ (26) സ്റ്റാർക്കിന്റെ പന്തിൽ അലക്‌സ് ക്യാരി പിടിച്ച് പുറത്തായി. ഋഷഭ് പന്തും(37) പുതുമുഖതാരം നിതീഷ് കുമാർ റെഡ്‌ഡിയും(41) മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. അൻപതാം ഓവറിൽ കമ്മിൻസിന്റെ പന്തിൽ റെഡ്‌ഡി വീണതോടെ ഇന്ത്യ 150ന് ഓൾഔട്ട് ആകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |