തിരുവനന്തപുരം: 'ധീരനായ സൈനികനായിരുന്നു മുകുന്ദ് വരദരാജൻ എന്ന എന്റെ മരുമകൻ. അഭ്രപാളികളിൽ മുകുന്ദിനെ കാണുമ്പോൾ അത്യന്തം സന്തോഷമുണ്ട്...." തിരുവനന്തപുരം പേരൂർക്കടയിലെ സ്വകാര്യആശുപത്രിയുടെ ഉടമയും ഡോക്ടറുമായ ജോർജ് വർഗീസിന്റെ വാക്കുകളിൽ മരുമകനോടുള്ള വാത്സ്യല്യവും കർമ്മനിരതനായിരുന്ന സൈനികനോടുള്ള ആദരവും തുടിച്ചു.
ആശുപത്രിയിൽ മുകുന്ദിന്റെ ഫോട്ടോയ്ക്ക് താഴെ 'അമരൻ" എന്ന് എഴുതിയൊട്ടിച്ച കടലാസ് സർവതിനും സാക്ഷിയായി. മരണത്തിനിപ്പുറവും പ്രിയതമനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്ന ഇന്ദു റെബേക്കാ വർഗീസിന്റെയും മേജർ മുകുന്ദിന്റെയും ജീവിതത്തെ ആസ്പദമാക്കിയ 'അമരൻ" എന്ന തമിഴ് ചിത്രം തിയേറ്ററുകളിൽ ഹിറ്റായി തുടരുമ്പോൾ ഇന്ദുവിന്റെ അച്ഛൻ ഡോ. ജോർജ് വർഗീസിന് അളവറ്റ അഭിമാനമുണ്ട്.
'ആർമ്ഡ് ഫോർസസ് മെഡിക്കൽ കോളേജിലെ പരിശീലനത്തിനിടെ യുദ്ധത്തിൽ പരിക്കേറ്റ ധാരാളം സൈനികരെ കണ്ടിട്ടുണ്ട്. അതിന്റെ പേടികൊണ്ട് ആദ്യം വിവാഹത്തെ എതിർത്തു. എന്നാൽ, അവരുടെ പ്രണയം....അതിന്റെ തീവ്രത...എന്റെ തീരുമാനം മാറ്റി...' ജോർജ് കേരളകൗമുദിയോട് പറഞ്ഞു. ഇന്ദുവും മുകുന്ദും തമ്മിലുള്ള പ്രണയവും ജമ്മുകശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്രുമുട്ടലിൽ മുകുന്ദ് വീരമൃത്യു വരിക്കുന്നതുമാണ് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പ്രമേയം. ഇന്ദുവിനെ അവതരിപ്പിച്ച സായ്‌പല്ലവിയും മുകുന്ദിനെ അവതരിപ്പിച്ച ശിവകാർത്തികേയനും സിനിമയുടെ ചിത്രീകരണത്തിന് മുൻപ് കുടുംബത്തോട് ഫോണിൽ സംസാരിച്ചിരുന്നു. ചെന്നൈയിൽ വരദരാജന്റെയും ഗീതയുടെയും മകനായി ജനിച്ച മുകുന്ദ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്നതിനിടയിലാണ് മലയാളിയായ ഇന്ദുവുമായി പ്രണയത്തിലാവുന്നത്. 2006ൽ മുകുന്ദ് സേനയിലെത്തി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ.
2009ൽ മുകുന്ദ് ഇന്ദുവിനെ ജീവിതസഖിയാക്കി. പഠനകാലം മുതൽ മുകുന്ദ് മേജർ റാങ്കിലെത്തുന്നത് വരെ ഇന്ദു നിഴലായി നിന്നു. 2014ൽ വീരമൃത്യു വരിച്ചെങ്കിലും മുകുന്ദ് ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ഇന്ദുവിന്റെ വിശ്വാസം. 'മുകുന്ദിന്റെ മഹിമ ലോകമറിയാനാണ് മകൾ സിനിമയുടെ ചിത്രീകരണവുമായി സഹകരിച്ചത്. മുകുന്ദിനെയാണ് ലോകം അറിയേണ്ടത്. ഞങ്ങളെയല്ല ..."ജോർജ് പറയുന്നു. പേരൂർക്കട എ.കെ.ജി നഗറിലാണ് ജോർജും ഭാര്യ അക്കാമയും താമസം. സിഡ്നിയിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ഇന്ദു. മകൾ ഏഴാംക്ലാസുകാരി ആർഷിയ. സഹോദരങ്ങൾ ദീപു ജോർജ് വർഗീസ്, ബിജു ഡാനിയേൽ വർഗീസ്. ഇന്ദുവിന്റെ അമ്മ മാവേലിക്കര സ്വദേശിയായ അക്കാമ മുൻപ് നൈജീരിയയിൽ അദ്ധ്യാപികയായിരുന്നു. പത്തുവർഷം മുൻപാണ് ജോർജും ഭാര്യയും നാട്ടിലെത്തുന്നത്.
ശ്യാമപ്രസാദിനെ കാണണം
സ്വദേശമായ മാരാമണിൽ വച്ചാണ് കുടുംബസമേതം ജോർജ് സിനിമ കണ്ടത്. തന്റെ വേഷം സിനിമയിൽ അവതരിപ്പിച്ച ശ്യാമപ്രസാദിനെ നേരിൽ കാണാൻ മോഹമുണ്ടെന്ന് ജോർജ് പറയുന്നു. ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരച്ഛനും കൂടിയായ താൻ ജോർജിനെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും കാണാൻ ആഗ്രഹമുണ്ടെന്നും ശ്യാമപ്രസാദും കേരളകൗമുദിയോട് പറഞ്ഞു. പുരോഗമനചിന്താഗതിയുള്ള വ്യക്തിയുടെയും ലാളിച്ച് വളർത്തിയ ഇളയമകളോട് സ്നേഹമുള്ള സാധാരണക്കാരനായ അച്ഛന്റെയും ധർമ്മസങ്കടമാണ് ആ കഥാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചോദനമീ ജീവിതം
2012ലാണ് മുകുന്ദ് 44-ാം ബറ്റാലിയൻ രാഷ്ട്രീയ റൈഫിൾസിന്റെ കൗണ്ടർ-ഇൻസർജൻസി ഓപ്പറേഷന്റെ ഭാഗമായി കാശ്മീരിലെത്തുന്നത്. ഭീകരവാദികളുടെ വിളനിലമായ പ്രദേശത്ത് കരുത്തേകിയത് ആത്മവിശ്വാസവും ദേശസ്നേഹവും ഇന്ദു നൽകിയ മനോബലവുമാണ്. മരണാനന്തരം രാജ്യം അശോകചക്രം നൽകി മുകുന്ദിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |