കൊച്ചി: അമേരിക്കൻ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തിൽ ഗൗതം അദാനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്ത്യൻ ഓഹരി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നു.
അദാനിയുടെ ഗ്രീൻ എനർജി കമ്പനി ഉൽപ്പാദിപ്പിച്ച സൗരോർജം കൂടിയ വിലയ്ക്ക് വിൽക്കാനുള്ള കരാറുകൾ ലഭിക്കാൻ ഇന്ത്യൻ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും 2,092 കോടി രൂപ കൈക്കൂലി നൽകിയെന്നും ഇത് മറച്ചു വച്ച് അമേരിക്കയിൽ നിക്ഷേപ സമാഹരണം നടത്തിയെന്നുമാണ് യു. എസ് സെക്യൂരിറ്റീസ് എക്‌സ്ചേഞ്ച് കമ്മീഷന്റെ (എസ്.ഇ.സി) കുറ്റപത്രം. ഇതോടനുബന്ധിച്ചാണ് ഗൗതം അദാനി, സഹോദരപുത്രനും ഗ്രീൻ എനർജി കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ സാഗർ അദാനി എന്നിവർക്കെതിരെ ന്യൂയോർക്ക് കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇരുവരും ഉൾപ്പെടെ അദാനി ഗ്രൂപ്പിലെ ഏഴ് ഉന്നതർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
കോഴ ആരോപണങ്ങളെ പറ്റി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ നിക്ഷേപകരെ അറിയിക്കുന്നതിൽ ഗ്രീൻ എനർജി കമ്പനി വീഴ്ച വരുത്തിയോയെന്നാണ് സെബി പരിശോധിക്കുന്നത്. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബി.എസ്.ഇ, എൻ.എസ്.ഇ എന്നിവയോട് രണ്ടാഴ്‌ചയ്‌ക്കകം വിവരങ്ങൾ അറിയിക്കാൻ സെബി നിർദേശിച്ചു. ഇവരുടെ മറുപടി പരിശോധിച്ച് അന്വേഷണം ആരംഭിക്കും.
അന്വേഷണ വിവരങ്ങൾ മറച്ചുവച്ചു
കഴിഞ്ഞ വർഷം മാർച്ചിൽ എഫ്.ബി.ഐ ഉദ്യോഗസ്ഥർ സാഗർ അദാനിയുടെ അമേരിക്കയിലെ വീട്ടിലെത്തി സെർച്ച് നോട്ടീസ് നൽകി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇത്തരം വിവരങ്ങൾ നിക്ഷേപകരെ അറിയിക്കണമെന്ന് അമേരിക്കൻ അഴിമതി വിരുദ്ധ നിയമം നിഷ്കർഷിക്കുന്നുണ്ട്. ഇത് ലംഘിച്ചെന്നാണ് ആരോപണം.
തിരിച്ചുകയറി അദാനി ഓഹരികൾ
അറസ്റ്റ് വാറന്റിനെ തുടർന്ന് വ്യാഴാഴ്ച രണ്ട് ലക്ഷം കോടി രൂപയുടെ വൻ തകർച്ച നേരിട്ട അദാനി കമ്പനികളുടെ ഓഹരികൾ ഇന്നലെ ശക്തമായി തിരിച്ചുകയറി. എ.സി.സി, അംബുജ സിമന്റ്സ് എന്നിവയുടെ ഓഹരിവില 3.5 ശതമാനം ഉയർന്നു. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡി.ടി.വി എന്നിവയും നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |