തൃശൂർ: എം.ബി.ബി.എസ് സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ സുവിശേഷകൻ അറസ്റ്റിൽ. പത്തനംതിട്ട കൂടൽ പ്ലാവിളയിൽ വീട്ടിൽ പാസ്റ്റർ ജേക്കബ് തോമസിനെയാണ് (57) മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ അന്തർദ്ദേശീയ വിമാനത്താവളത്തിൽ നിന്ന് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. മറ്റ് പ്രതികളായ പാസ്റ്റർ പോൾ ഗ്ലാഡ്‌സനെയും പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരെയും ജേക്കബ് തോമസിന്റെ മകൻ റെയ്‌നാർഡിനെയും ആഗസ്റ്രിൽ അറസ്റ്റ് ചെയ്തിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം. സുവിശേഷകനെന്ന് പരിചയപ്പെടുത്തി, തമിഴ്‌നാട്ടിലെ പ്രമുഖ മെഡിക്കൽ കോളേജിൽ സ്റ്റാഫ് ക്വാട്ടയിൽ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞാണ് സംഘം കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വലയിലാക്കിയത്. വർഷങ്ങളായി നാട്ടിൽ നിന്ന് മാറി നിൽക്കുന്ന ഇയാൾ കന്യാകുമാരി തക്കലയിൽ താമസിച്ചിരുന്നപ്പോഴാണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. വെല്ലൂരിലെ സി.എം.സി മെഡിക്കൽ കോളേജുമായും ആംഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ പാസ്റ്റർ പോൾ ഗ്ലാഡ്‌സനെ ബിഷപ്പാണെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയിരുന്നു.
2023ൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 80 ലക്ഷം നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിലാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇയാളുടെ പേരിൽ അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും നാഗ്പൂരിലും സമാന കേസുകളുണ്ട്. മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ലാൽ കുമാർ, സബ് ഇൻസ്‌പെക്ടർ സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടോണി വർഗീസ്, മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റൂബിൻ ആന്റണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒളിവു ജീവിതം
തട്ടിപ്പിനുശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ പോകുന്നതാണ് ഇയാളുടെ രീതി. ജേക്കബ് തോമസിനെതിരെ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ബീഹാർ, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇയാൾ കുടുംബത്തോടൊപ്പം ഒളിവിൽ കഴിഞ്ഞിരുന്നതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ തൃശൂർ സി.ജെ.എം കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |