ശിവഗിരി : ശ്രീനാരായണഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന ലോകമത പാർലമെന്റിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് ഏറ്റുവാങ്ങി. ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, ക്രസ്റ്റ് മീഡിയ ഹൗസ് സി.ഇ.ഒ ഉണ്ണികൃഷ്ണൻ കുന്നത്ത്, ആർട്ടിസ്റ്റ് ദിപുകുമാർ സോമൻ, സംഘാടക സമിതി ഡയറക്ടർ ബിജു ഭാസ്ക്കർ എന്നിവർ പങ്കെടുത്തു. നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് വത്തിക്കാനിലെ ലോകമതപാർലമെന്റ്.
29ന് മത പ്രതിനിധികൾ പങ്കെടുക്കുന്ന സർവ്വമതസമ്മേളന സത്സംഗം നടക്കും. 30ന് മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സർവ്വമതസമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നു മതാചാര്യന്മാരും ദാർശനികരും പങ്കെടുക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തെക്കുറിച്ച് ചർച്ചകളും നടക്കും. ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തിൽ മതസമന്വയദർശനം അവതരിപ്പിക്കും. ഡിസംബർ ഒന്നിന് വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ്സ്.
ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ സ്വാമി സച്ചിദാനന്ദ,സ്വാമി ശുഭാംഗാനന്ദ എന്നിവരുൾപ്പെടെ 150 ഇന്ത്യൻ പ്രതിനിധികൾ ലോകമതപാർലമെന്റിൽ പങ്കെടുക്കും. സർവ്വമത സമ്മേളനശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവമത സമ്മേളനങ്ങൾ ശിവഗിരിമഠം സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക്: സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ (7907111500)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |