പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് കാരണങ്ങൾ പലതാണ്. അവയോരോന്നും പരിശോധിച്ചു കഴിഞ്ഞാൽ, 2016 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ അവിടെ കോൺഗ്രസാണ് ജയിച്ചുകൊണ്ടിരുന്നത് എന്ന ആദ്യത്തെ കാരണമാണ്. പാലക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് കമ്മ്യൂണിസ്‌റ്റ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ളത്. അതേസമയം, ബിജെപി അവിടെ പടിപടിയായി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ‌്തു.
പാലക്കാട് മണ്ഡലത്തിന്റെ പുനർവിഭജനത്തിന് ശേഷമാണ് അവിടെ കോൺഗ്രസ് അനുകൂല ഘടകങ്ങൾ വർദ്ധിച്ചതെന്ന് പറയാം. സിപിഎമ്മിന്റെ ട്രോളി ബാഗ് വിവാദവും, പത്രപരസ്യവുമെല്ലാം യുഡിഎഫിന് സ്വാഭാവികമായും ഗുണം ചെയ്‌തു. സരിൻ ജയിക്കില്ലെന്ന് സിപിഎമ്മിന് വ്യക്തമായ ധാരണയുണ്ടായിരുന്ന സിപിഎം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് നടത്തിയ നീക്കമാണ് പത്രപരസ്യം അടക്കമുള്ള വിവാദ സൃഷ്‌ടികൾ.
രാഷ്‌ട്രീയ നിരീക്ഷകരുടെ വീക്ഷണത്തിൽ ഇത്തവണ സിപിഎമ്മിന്റെ വോട്ട് മറ്റൊരു ചേരിയിലേക്കും പോയിട്ടില്ല എത്തു തന്നെയാണ്. എന്നാൽ ബിജെപി വോട്ടുകൾ ഭിന്നി മാറുകയും ചെയ‌്തിട്ടുണ്ട്. ബിജെപി ലക്ഷ്യമിട്ടിരുന്ന വോട്ടുകൾ പല സ്ഥലത്തും അവർക്ക് കിട്ടിയില്ല. പാലക്കാട് മുനിസിപ്പാലിറ്റിയിൽ നിലവിലുണ്ടായിരുന്ന മേൽക്കൈ പോലും ഫലത്തിൽ കണ്ടില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കൃഷ്‌ണകുമാർ ലീഡ് നിലയിൽ മുന്നിൽ വന്നെങ്കിലും ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പിന്നീട് ഉയർന്നുവരാൻ സാധിച്ചില്ല. പഞ്ചായത്ത്, ഗ്രാമ പ്രദേശങ്ങളിലെല്ലാം ഈ ട്രെൻഡാണ് ദൃശ്യമായിരുന്നത്.
വി.ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഇടംവലം പിന്തുണയും, മുസ്ളിം വോട്ടുകളുടെ ഏകീകരണവുമാണ് രാഹുലിന്റെ മിന്നും വിജയത്തിന് പ്രധാന കാരണം. മാങ്കൂട്ടതതിലിന്റെ വിജയം പ്രകടന ജാഥയായി എസ്‌ഡിപിഐ പ്രവർത്തകർ ആഘോഷിച്ചത് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. പക്ഷേ ഭാവിയിൽ ഇത് രാഹുലിന് കുരിശായി മാറുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പോലും അഭിപ്രായം. 2001ൽ 99 സീറ്റിൽ യുഡിഎഫ് വിജയക്കുതിപ്പ് നടത്തിയ തിരഞ്ഞെടുപ്പിൽ പി.പി തങ്കച്ചൻ മാത്രമായിരുന്നു എറണാകുളം ജില്ലയിൽ തോറ്റത്. അന്ന് പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനിക്കൊപ്പമുള്ള ഒരു ഫ്ളക്‌സാണ് തങ്കച്ചന്റെ തോൽവിക്ക് പിന്നിലെന്ന് ഇന്നും വിശ്വസിക്കുന്ന കോൺഗ്രസുകാർ ധാരാളമാണ്. പിഡിപിക്കാർ പിന്തുണച്ചതുകൊണ്ടാണ് താൻ തോറ്റതെന്ന് തങ്കച്ചൻ പിന്നീട് പ്രതികരിക്കുകയും ചെയ‌്തു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ നഗരസഭയിൽ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ഇപ്പോഴത് 4590 വോട്ടിന്റെ ഭൂരിപക്ഷമായി രാഹുൽ ഉയർത്തി കഴിഞ്ഞ തവണ മെട്രോമാനെതിരേയുള്ള പോരാട്ടത്തിൽ ഷാഫി കയറിക്കൂടിയത് 3859 വോട്ടിനായിരുന്നു. 2011ൽ മണ്ഡലത്തിലെ ആദ്യ അങ്കത്തിൽ ഷാഫിക്ക് കിട്ടിയ ഭൂരിപക്ഷം 7403 വോട്ടും.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ കടന്നുകൂടിയാണ് യു.ഡി.എഫ് നഗരസഭയിൽ 4590 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. 2021ൽ ആദ്യ എട്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മെട്രോമാൻ ഇ.ശ്രീധരന് നഗരസഭാപരിധിയിൽ മാത്രം ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. അവിടെയാണ് ഇക്കുറി രാഹുൽ ലീഡ് നേടിയത്.
2021ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ 27,905 വോട്ടുകൾ യു.ഡി.എഫ് നേടിയപ്പോൾ 34,143 വോട്ടുകൾ ബി.ജെ.പി നേടി. സി.പി.എമ്മിന് 16,455 വോട്ടേ ലഭിച്ചുള്ളൂ. എൽ.ഡി.എഫിന് മുൻതൂക്കമുള്ള മാത്തൂരും കണ്ണാടിയും നേരിയ വ്യത്യാസത്തിൽ എൽ.ഡി.എഫിന്റെ കൂടെ നിന്നെങ്കിലും മുസ്ലിം ഭൂരിപക്ഷ മേഖലയായ പിരായിരി വമ്പൻ മാർജിനിൽ യു.ഡി.എഫിനോടൊപ്പമാണ് നിലകൊണ്ടത്. ഇത്തവണയും മാത്തൂരും കണ്ണാടിയും ഇടതിനൊപ്പം നിന്നു. യഥാക്രമം 397, 390 വോട്ടുകളുടെ ഭൂരിപക്ഷമാണ് സരിന് ലഭിച്ചത്.
ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് പാർട്ടിക്ക് ഒറ്റയടിക്ക് കുറഞ്ഞത് പതിനായിരത്തോളം വോട്ടുകളാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സി.കൃഷ്ണകുമാറിനെയാണ് ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പിലും പരീക്ഷിച്ചത്. പാലക്കാട്ടു നഗരസഭയിലെ കാവിക്കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകയറിയെന്നത് വ്യക്തമാണ്. മുമ്പ് ആദ്യറൗണ്ടുകളിൽ നേടാനായിരുന്ന ആധിപത്യം ഇത്തവണ പാർട്ടിക്ക് നിലനിർത്താനായില്ല.
സ്ഥാനാർത്ഥി പ്രഖ്യാപന നാളുകളിൽ ശോഭാ സുരേന്ദ്രന്റെ ഫ്ളക്സ് ചില പ്രവർത്തകർ വെച്ചതും അത് കത്തിക്കപ്പെട്ടതും വാർത്തയായിരുന്നു. ശോഭയെപ്പോലെ ശക്തയായ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ കേരള നിയമസഭയിൽ വീണ്ടും ബി.ജെ.പിക്ക് പ്രതിനിധി ഉണ്ടാവുമായിരുന്നു എന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നു. സന്ദീപ് പ്രശ്നത്തിൽ കുറേക്കൂടി മാന്യമായി ഇടപെട്ടിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിടില്ലായിരുന്നുവെന്ന് അവർ പറയുന്നു. അതേസമയം, സന്ദീപ് പോയത് പാർട്ടിക്കുള്ളിലെ ഭിന്നതകൾ ഇല്ലാതാക്കി ഒറ്റക്കെട്ടാവാൻ പാർട്ടിയെ സഹായിച്ചെന്നു കരുതുന്നവരുമുണ്ട്. കൃഷ്ണകുമാർ ശോഭയെയും മെട്രോമാനെയും പോലെ സെലിബ്രിറ്റി അല്ലാത്തതിനാൽ നിശബ്ദമായി മുന്നേറ്റം നടത്താനാവുമെന്നും അവസാനനിമിഷം അദ്ദേഹത്തെ തോൽപ്പിക്കാൻ വോട്ടുമറിക്കലുകൾ ഉണ്ടാവില്ലെന്നും കണക്കു കൂട്ടിയവരുമുണ്ട്. പക്ഷേ, വോട്ടെണ്ണൽ ദിവസത്തെ റിയാലിറ്റി ചെക്ക് അവർക്ക് കടുത്ത ആഘാതമായിട്ടുണ്ടാവണം.
2016ൽ മത്സരിക്കുമ്പോൾ ശോഭ പാർട്ടിയുടെ വോട്ടുവിഹിതം 19.86 ശതമാനത്തിൽ നിന്ന് 29.08 ശതമാനമായി ഉയർത്തിയിരുന്നു. 2021 ആയപ്പോൾ മെട്രോമാൻ ശ്രീധരൻ അത് 35.34 ശതമാനമാക്കി. ഈ രണ്ടു തവണയും സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിച്ചെന്നു വ്യക്തം. പക്ഷേ, പാർട്ടി സംസ്ഥാനനേതൃത്വം വ്യക്തിപരമായ പ്രാഗത്ഭ്യം നോക്കാതെ പക്ഷപാതം കാട്ടിയതാണ് തോൽവിക്ക് കാരണമെന്ന് സുരേന്ദ്രന്റെ വിരുദ്ധചേരിയിലുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |