ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള പരിധിയില്‍ ഉയരനിയന്ത്രണം കാറ്റില്‍പ്പറത്തി അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമെന്ന് ആക്ഷേപം.വിമാനങ്ങളുടെ സുഗമമായ ലാന്‍ഡിംഗിന് നിര്‍മ്മിതികളുടെ ഉയരനിയന്ത്രണം കര്‍ശനമാക്കണമെന്ന ഡയറക്ടറേറ്റ് ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറപ്പെടുവിച്ച നിര്‍ദ്ദേശം ലംഘിച്ചാണ് നിര്‍മ്മാണം.അടിമലത്തുറ മുതല്‍ കഠിനംകുളം വരെയുള്ള 20 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ പൂജ്യം മീറ്റര്‍ മുതല്‍ 110 മീറ്റര്‍ വരെ ഉയരപരിധി നിശ്ചയിച്ച് ഒന്‍പത് നിറങ്ങള്‍ നല്‍കി കളര്‍ സോണാക്കിയാണ് തരം തിരിച്ചിരിക്കുന്നത്.
പൂജ്യം മീറ്റര്‍ പരിധിയില്‍ വരുന്ന വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ നിര്‍മ്മാണം തുടങ്ങാന്‍ പാടുള്ളൂവെന്നാണ് ചട്ടം. കളര്‍സോണിലുള്‍പ്പെട്ട മറ്റു സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഡി.ജി.സി.എ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.ഈ മാനദണ്ഡങ്ങളില്‍ പറയുന്നതിലും ഉയര്‍ന്ന് നില്‍ക്കുന്നവ മാറ്റണമെന്ന് നോട്ടീസ് നല്‍കിയിട്ടും പലരും തയ്യാറാകുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. വിമാനങ്ങളുടെ ലാന്‍ഡിംഗിനും ടേക്ക്ഓഫിനും തടസമായി ടൈറ്റാനിയം ഫാക്ടറിയിലുള്ള ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും തയ്യാറായിട്ടില്ല.
വിമാനത്താവളത്തിന്റെ ചുറ്റളവില്‍ 1064 തടസങ്ങളുണ്ടെന്നും ഇത് 647 പേരുടെ ഉടമസ്ഥതയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുമ്പ് ഡി.ജി.സി.എ നോട്ടീസ് നല്‍കിയിരുന്നു.തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും ഉയരം,വസ്തുവിന് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം,എയ്‌റോഡ്രോം റഫറന്‍സില്‍ നിന്നുള്ള അകലം,കെട്ടിടങ്ങളുടെ നിര്‍മ്മാണരീതി തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
ഇതിനുപിന്നാലെ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയന്ത്രണം ശക്തമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൂടി നിയന്ത്രണം വരുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ നിരാക്ഷേപപത്രം (എന്‍.ഒ.സി) ഉണ്ടങ്കില്‍ മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |