ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിക്കുന്നത് ശരിയാണോ എന്ന് സുപ്രീംകോടതി. ബാലറ്റ് പേപ്പർ വോട്ടിംഗ് തിരിച്ചുകൊണ്ടുവരണമെന്ന കെ.എ.പോളിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താമെന്ന് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയും ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌കും പറഞ്ഞതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് ചന്ദ്രബാബു നായിഡുവും ജഗൻ മോഹൻ റെഡ്ഡിയും വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണമുന്നയിച്ചതെന്ന് കോടതി മറുപടി നൽകി.
തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ വോട്ടിംഗ് യന്ത്രം കൃത്രിമം കാണിക്കില്ല, തോൽക്കുമ്പോൾ, കൃത്രിമം കാണിക്കുന്നു. ഇതെങ്ങനെയെന്നും കോടതി ചോദിച്ചു. മിക്ക രാജ്യങ്ങളും ബാലറ്റ് പേപ്പർ വോട്ടിംഗ് സ്വീകരിച്ചിട്ടുണ്ടെന്ന ഹർജിക്കാരന്റെ വാദത്തോട് മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ ആഗ്രഹമില്ലേയെന്ന് കോടതി ചോദിച്ചു. ജീവകാരുണ്യ സംഘടനയുടെ അദ്ധ്യക്ഷനായ ഹർജിക്കാരന് രാഷ്ട്രീയത്തിൽ എന്താണ് താത്പര്യമെന്നും കോടതിയെ രാഷ്ട്രീയ വേദിയാക്കാനാണോ നീക്കമെന്നും ചോദ്യമുയർന്നു ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബി.ജെ.പി ജയിച്ചതോടെ കോൺഗ്രസ് വോട്ടിംഗ് യന്ത്രത്തിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |