ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം നേടി മൂന്നു നാൾ കഴിഞ്ഞിട്ടും മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ മഹായുതി മുന്നണി. പാർട്ടിക്ക് 132 സീറ്റുള്ള സ്ഥിതിക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്ന നിലപാടിലുറച്ചാണ് ബി.ജെ.പി. മുഖ്യമന്ത്രി പദത്തിൽ തുടർച്ചയെന്ന ആവശ്യത്തിൽ നിന്ന് ഷിൻഡെയും പിന്നോട്ടില്ല. ഷിൻഡെയെ അനുനയിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ഇന്നലെയും ചർച്ച നടന്നു.
അതിനിടെ, നിയമസഭയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഷിൻഡെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ നിയമനം വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ സി.പി. രാധാകൃഷ്‌ണൻ നിർദ്ദേശിച്ചു.
ബീഹാറിൽ ബി.ജെ.പി കൂടുതൽ സീറ്റു നേടിയിട്ടും ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നൽകി. 'ബിഹാർ മോഡൽ" മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന് ശിവസേന പറയുന്നു. അതേസമയം, ഷിൻഡെയുടെ അനുയായികൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവായ വർഷയ്ക്ക് പുറത്ത് നടത്തായിരുന്ന ശക്തിപ്രകടനം വേണ്ടെന്നു വച്ചു.
ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുന്നതിനോടാണ് 41 സീറ്റുള്ള അജിത് പവാറിന് താത്പര്യം. കേവല ഭൂരിപക്ഷത്തിനാവശ്യമായ 145 സീറ്റുറപ്പിക്കാൻ ബി.ജെ.പിക്ക് അജിത്തിന്റെ പിന്തുണ മതി. എന്നാൽ ഒന്നിച്ച് മത്സരിച്ച ശേഷം ശിവസേനയെ കൈവിടേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.
രാഷ്‌ട്രപതി ഭരണ
സാഹചര്യമില്ല
നിയമസഭയുടെ കാലാവധി കഴിഞ്ഞെങ്കിലും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരില്ലെന്നാണ് നിയമസഭാ വൃത്തങ്ങൾ നൽകുന്ന സൂചന
പുതിയ എം.എൽ.എമാരുടെ പേരുകൾ അടങ്ങിയ ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച ഗവർണർക്ക് സമർപ്പിച്ചിരുന്നു
ഇതോടെ 15-ാമത് നിയമസഭ നിലവിൽ വന്നുകഴിഞ്ഞെന്നാണ് വാദം. ജനപ്രാതിനിധ്യ നിയമത്തിലെ 73-ാം ചട്ടം അനുസരിച്ച്, വിജ്ഞാപനം സമർപ്പിക്കുന്നതോടെ സഭ യഥാവിധി രൂപീകരിച്ചതായി കണക്കാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |