പത്തനംതിട്ട: പനി ബാധിച്ച മരിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുരത്ത്. സംഭവത്തിൽ സഹപാഠിയുടെ അടക്കം രക്ത സാമ്പിളുകൾ പരിശോധിക്കും. ഗർഭസ്ഥ ശിശുവിന്റെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ശിശുവിന്റെ ഡി എൻ എ സാമ്പിളുമായി സഹപാഠിയുടെ രക്ത സാമ്പിൾ ഒത്തുനോക്കും. പിതൃത്വം തെളിഞ്ഞാൽ അറസ്റ്റ് ചെയ്‌തേക്കും. സഹപാഠി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
സംഭവത്തിൽ ഇന്നലെ രാത്രി പോക്‌സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുണ്ടപ്പള്ളി സ്വദേശിനിയായ പതിനേഴുകാരി മരിച്ചത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോക്‌സോ വകുപ്പനുസരിച്ചും കേസ് എടുത്തത്.
കഴിഞ്ഞ 19ന് സ്‌കൂളിൽ നിന്നും കുട്ടി ഉല്ലാസയാത്ര പുറപ്പെട്ടിരുന്നു. എന്നാൽ അൽപദൂരം എത്തിയ ശേഷം കുട്ടി ബഹളം വച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി തിരികെ വിട്ടിരുന്നു. പിന്നീട് പനി ബാധിച്ച കുട്ടിയെ നാല് ദിവസം മുൻപ് വീടിന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. രക്തം പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്. സംശയം തോന്നിയ ഡോക്‌ടർമാർ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ആന്തരാവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇവ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |