ന്യൂഡൽഹി: പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ക്രിസ്‌തുമസ് അവധിക്കുശേഷം പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. കേസിൽ വിചാരണ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ പി ജെ തോമസ്, കോൺഗ്രസ് നേതാവ് ടി എച്ച് മുസ്‌തഫ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 2012ൽ ഫയൽ ചെയ്ത ഹർജികളാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. മുസ്‌തഫ മരണപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഹർജി കോടതി രേഖകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മുതിർന്ന അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് പി ജെ തോമസിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള ഹർജി വീണ്ടും മാറ്റുന്നതിൽ കോടതി അതൃപ്‌തി അറിയിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്നത് ഇനി മാറ്റില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
1991-92 കാലഘട്ടത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്തതിലാണ് അഴിമതി ആരോപിക്കപ്പെട്ടത്. ഈ ഇടപാടിൽ സർക്കാർ ഖജനാവിന് 2.8 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കെ കരുണാകരൻ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |