കൊച്ചി: ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവും സുപ്രീംകോടതി നിർദ്ദേശവും കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കാൻ ഇളവുതേടി ദേവസ്വം നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദൂരപരിധി തീരുമാനം ഏകപക്ഷീയവും അശാസ്ത്രീയവുമാണെന്ന് ദേവസ്വം വാദിച്ചു. വെറുതെ പറഞ്ഞാൽ പോരെന്നും ഇത് വ്യക്തമാക്കുന്ന രേഖകൾ വേണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും. കാലങ്ങളായി നടക്കുന്നു എന്നത് ദൂരപരിധി ഇളവിന് കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. വർഷങ്ങളായി 15 ആനകളുണ്ടെന്നതും പരിഗണിക്കാനാകില്ല. അനിവാര്യമായ, മതപരമായ ആചാരമാണെങ്കിലേ നിയമപരിരക്ഷയുള്ളൂ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെള്ളിയാഴ്ചയാണ് ഉത്സവം.
രാജഭരണകാലം മുതലുള്ള കീഴ്‌വഴക്കമാണെന്ന ദേവസ്വം വാദം ഹൈക്കോടതി തള്ളി. ഇപ്പോൾ രാജഭരണമല്ല. നിയമവാഴ്ചയാണ്. അമ്പല മൈതാനത്ത് പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കാനാകില്ല.ഏതെങ്കിലും ക്ഷേത്രത്തിനായി പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ല.
മൂന്നുമീറ്റർ അകലം പാലിച്ച് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ എത്ര ആനകളെ എഴുന്നള്ളിക്കാമെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ദേവസ്വം വ്യക്തത വരുത്തിയില്ല. കൊവിഡ് കാലത്ത് ആനകളുടെ എണ്ണം എങ്ങനെയാണ് കുറച്ചതെന്നും കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |