സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് നിരവധി വർഷങ്ങളുടെ പഴക്കമുണ്ട്. ഭരണപരിഷ്കാര കമ്മിഷനും ശമ്പള പരിഷ്കരണ കമ്മിഷനുകളും ഓരോ ഘട്ടത്തിലും ഇതിനുള്ള ശുപാർശ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയിലുള്ള ഭരണപരിഷ്കാര കമ്മിഷനും ഇതേ ശുപാർശ വച്ചിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയിട്ടും ഈ വിഷയത്തിൽ തീരുമാനമെടുക്കാതെ സർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം, പെൻഷൻ പ്രായം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. നാലാം ഭരണപരിഷ്കാര കമ്മിഷൻ ശുപാർശകൾ പഠിക്കാൻ ചീഫ് സെക്രട്ടറി തലവനായ സെക്രട്ടറിതല സമിതിയെയാണ് നിയോഗിച്ചിരുന്നത്. ഈ സമിതിയും പെൻഷൻ പ്രായം കൂട്ടണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ അത് തള്ളിക്കളയുകയായിരുന്നു. സമിതിയുടെ മറ്റു നിർദ്ദേശങ്ങളിൽ പലതും ആവശ്യമായ മാറ്റങ്ങളോടെ മന്ത്രിസഭ അംഗീകരിച്ചിട്ടുമുണ്ട്.
തൊഴിലിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവതീയുവാക്കളിൽ നിന്നുയരാവുന്ന പ്രതിഷേധവും സമരവും ഭയന്നാണ് പെൻഷൻ പ്രായ പ്രശ്നത്തിൽ പ്രായോഗിക തീരുമാനമെടുക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും എന്നേ പെൻഷൻ പ്രായം വർദ്ധിപ്പിച്ചുകഴിഞ്ഞു. അങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് തൊഴിലില്ലായ്മ വർദ്ധിക്കുകയോ യുവജനങ്ങളുടെ ഭാവി ഇരുട്ടിലാവുകയോ ചെയ്തതായി കേട്ടിട്ടില്ല. അല്ലെങ്കിൽത്തന്നെ, പി.എസ്.സി ഓരോ വർഷവും പതിനയ്യായിരമോ പതിനാറായിരമോ പേരെ ജോലിക്കെടുത്താൽ തീരുന്നതാണോ കേരളത്തിലെ തൊഴിലില്ലായ്മ? പെൻഷൻ പ്രായ പ്രശ്നത്തിൽ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടോ നയമോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. വർഷങ്ങൾക്കു മുമ്പ് റിട്ടയർമെന്റ് പ്രായം 56 ആയി ഉയർത്തിയതു തന്നെ, ആയിരക്കണക്കിന് ജീവനക്കാർ ഒരേസമയം പെൻഷൻ പറ്റുമ്പോൾ വിരമിക്കൽ ആനുകൂല്യങ്ങളായി വലിയ തുക നൽകേണ്ടിവരുന്നതിൽ നിന്ന് ഒഴിവാകാനായിരുന്നു.
ആയുർദൈർഘ്യം കൂടുകയും അറുപതാം വയസിലും ചുറുചുറുക്കും കാര്യശേഷിയും ആവോളമുണ്ടായിരിക്കുകയും ചെയ്യുന്ന തലമുറയാണ് ഇന്നത്തേത്. ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന അമ്പതുകളുടെ പകുതി എത്തുമ്പോഴേ അടുത്തൂൺ പറ്റി പിരിയേണ്ടിവരുന്നത്, നല്ല പ്രായത്തിൽ പൊടുന്നനെ സേവനത്തിനു വിരാമമിടുന്നതിനു തുല്യമാണ്. ഓരോ വിഭാഗവും സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വിലയിരുത്തിയാകണം അവരുടെ വിരമിക്കൽ പ്രായം നിശ്ചയിക്കേണ്ടത്. വിശ്രമമില്ലാതെ സർവീസ് കാലം പൂർത്തിയാക്കേണ്ടിവരുന്ന പൊലീസ് സേനാംഗത്തെയും, അക്കാഡമിക് രംഗത്ത് ഉന്നത യോഗ്യതകളോടെ വിദ്യ അഭ്യസിപ്പിക്കുന്ന അദ്ധ്യാപകരെയും, ചികിത്സ പ്രൊഫഷനായി സ്വീകരിച്ച് മാനവരാശിയ്ക്ക് സാന്ത്വനമരുളുന്ന ഭിഷഗ്വരന്മാരെയും ഒരേ മട്ടിൽ കാണുന്നത് ശരിയല്ല. നിലവിൽ ഇത്തരക്കാരുടെ കാര്യത്തിൽ ഉയർന്ന റിട്ടയർ പ്രായം നിശ്ചയിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ സംസ്ഥാനത്ത് കോളേജ് അദ്ധ്യാപകരും സ്‌കൂൾ അദ്ധ്യാപകരും അമ്പത്താറിൽ പിരിയേണ്ടിവരുമ്പോൾ യു.ജി.സി ശമ്പളം വാങ്ങുന്നവർക്ക് അറുപതോ അറുപത്തഞ്ചോ ആണ് പെൻഷൻ പ്രായം.
പെൻഷൻ പ്രായം കൂട്ടിയാൽ യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. അവർക്ക് അവസരം ലഭിക്കുമ്പോൾ സർവീസ് കാലവും അതിനനുസരണമായി നീട്ടിക്കിട്ടും. ഒഴിവുകൾ ഓരോ വർഷവും കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും നിർദ്ദേശമുയർന്നു. എത്രയോ കാലമായി കേൾക്കുന്ന വായ്‌ത്താരിയാണിത്. പി.എസ്.സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഇടം നേടി നിയമനത്തിനു കാത്തിരിക്കുന്നവരുടെ ഗതികേട് അറിയാത്തവരാണ് ഇത്തരം കഥയില്ലാത്ത നിർദ്ദേശങ്ങളുമായി വരുന്നത്. നിയമനങ്ങൾ നടക്കാത്ത റാങ്ക് പട്ടികകൾ കാലഹരണപ്പെടുന്നത് പതിവായിട്ടും പുറംവാതിൽ നിയമനങ്ങൾക്ക് വല്ല കുറവുമുണ്ടോ? എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പിൽ കണ്ണുവച്ച് നടക്കാറുള്ള സംസ്ഥാനത്ത് പെൻഷൻപ്രായ പ്രശ്നത്തിലും ജീവനക്കാർക്ക് അനുകൂലമായൊരു തീരുമാനം എപ്പോഴെങ്കിലും ഉണ്ടാകാതിരിക്കില്ല എന്നു പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |