തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്തിനും സംഘത്തിനും ഉത്തരങ്ങൾ എസ്.എം.എസായി കൈമാറിയ സംഭവത്തിൽ, സ്വകാര്യ കോച്ചിംഗ് സെന്റർ കുടുങ്ങിയേക്കും.
തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ജില്ലയിലെ ഈ കോച്ചിംഗ് സെന്ററാണെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് ഈ കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകരാണ്. ശിവരഞ്ജിത്തും പ്രണവും സഫീറും ഈ കോച്ചിംഗ് സെന്ററിൽ പോകാറുണ്ടായിരുന്നു. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിനെ പരിചയപ്പെട്ടതും ഇവിടെ വച്ചാണ്.
ഇവരുടെ ഫോൺ കാൾ വിവരങ്ങൾ പരിശോധിച്ച അന്വേഷണസംഘം, പരീക്ഷാത്തട്ടിപ്പ് സംബന്ധിച്ച് ഒരു വർഷം മുമ്പേ ഇവർ ഗൂഢാലോചന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ശിവരഞ്ജിത്തിനെയും നസീമിനെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ പരീക്ഷാത്തട്ടിപ്പിൽ കൂടുതൽ വ്യക്തതവരുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ പരീക്ഷാ കൺട്രോളറുടെയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. പരീക്ഷയിൽ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ഒരേ ബാർകോഡുള്ള ചോദ്യപ്പേപ്പറുകൾ ലഭിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിരുന്നു ഇത്. എന്നാലിത് യാദൃച്ഛികമാണെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |