ആലപ്പുഴ: സിപിഎമ്മിൽ പ്രശ്നങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ, പാർട്ടി വേദികളിൽ നിന്ന് ഏറെക്കുറെ പൂർണമായും ഒഴിവാക്കപ്പെട്ട ജി സുധാകരനെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇന്ന് ഉച്ചയോടെ പുന്നപ്രയിൽ വീട്ടിലെത്തിയായിരുന്നു സന്ദർശനം നടത്തിയത്. വെറും സൗഹൃദ സന്ദർശനമായിരുന്നു എന്നും തങ്ങൾ ഇടയ്ക്കിടെ കാണാറുണ്ടെന്നുമാണ് ഇരുനേതാക്കളും പറയുന്നത്. സ്വന്തം വീടിന് തൊട്ടടുത്തുനടന്ന ഏരിയാ സമ്മേളനത്തിൽ നിന്നുപോലും സുധാകരനെ തീർത്തും ഒഴിവാക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ച നടന്നതോടെ പല തരത്തിലുളള ഊഹാപോഹങ്ങളും പ്രചരിച്ചുതുടങ്ങിയത്.
പാർട്ടി സ്ഥാനമാനങ്ങൾ ഇല്ലെങ്കിലും താൻ പ്രധാനപ്പെട്ട ഒരാളാണെന്ന് എതിരാളികൾ പോലും കരുതുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമപ്രവർത്തകരോട് സുധാകരൻ പറഞ്ഞത്. 'എന്റെ കഴിഞ്ഞ അറുപത്തിരണ്ടുവർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ രീതി കാണുമ്പോൾ പാർട്ടിയിൽ ഇല്ലാത്തവർക്കും പാർട്ടി വിട്ടുപോയവർക്കും എല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു. എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാൻ പറ്റാത്തത് ആണെന്നേ അതിന് അർത്ഥമുള്ളൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പാർട്ടി സമ്മേളനങ്ങളിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതിനിടെ, സമ്മേളനങ്ങളിൽ നിന്നുൾപ്പെടെ തന്നെ മാറ്റിനിറുത്തിയ നേതൃത്വത്തിന് കൊടുത്ത വ്യക്തമായ താക്കീതാണ് പ്രസ്താവനയെന്ന വ്യാഖ്യാനവുമായി രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
സുധാകരനെ കാണുന്നതിന് മുൻപ് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് ചോർച്ചയുള്ളതായി വേണുഗോപാൽ വിമർശിച്ചിരുന്നു. 'സിപിഎം ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നില്ല. ചോർച്ച ഇല്ലാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുമായി ഡീൽ ഉണ്ടെന്നായിരുന്നു ആരോപണം. പക്ഷെ ആളുകൾ പോകുന്നത് അവരുടെ കൂട്ടത്തിൽ നിന്നാണ്. അക്കാര്യം ശ്രദ്ധിക്കേണ്ടത് അവരാണ്'- എന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |