എക്കറൊന്നിന് ഇഞ്ചി കർഷകന്റെ നഷ്ടം 50,000 രൂപ
കൽപ്പറ്റ: കർണാടകയിൽ ഇഞ്ചി ഉത്പാദനം വർദ്ധിച്ചതോടെ സംസ്ഥാനത്തെ കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞവർഷം 60 കിലോ ഇഞ്ചി ചാക്കിന് 13,000 രൂപയായിരുന്ന വില നിലവിൽ 1500 രൂപയിലേക്ക് മൂക്കുകുത്തിയതോടെ ചെറുകിട - ഇടത്തരം ഇഞ്ചി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉയർന്ന വില ലഭിച്ചതിനാൽ കടംവാങ്ങിയും വായ്പയെടുത്തുമാണ് പലരും കൃഷിയിറക്കിയത്. ഉയർന്ന കൂലിയും രാസവളം, കീടനാശിനി എന്നിവയുടെ വില വർദ്ധനയും പ്രതിസന്ധി രൂക്ഷമാക്കി.
മുടക്കുമുതൽ പോലും കിട്ടാതെ കർഷകർ
ഇഞ്ചിയുടെ വിളവെടുപ്പിൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. ഒരേക്കർ കൃഷിക്ക് എട്ടുലക്ഷത്തിലേറെയാണ് ചെലവ്. എന്നാൽ ഇപ്പോഴത്തെ വിലയിൽ ഒരേക്കറിൽ നിന്ന് 7.5 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്.
ഇഞ്ചി കർഷകരെ വലയ്ക്കുന്നത്
1. ഒരേക്കറിലെ വിളവ്: 60 കിലോയുടെ 300 ചാക്ക്
2.അന്യസംസ്ഥാന ഇഞ്ചി വില - 60 കിലോ ചാക്കിന് 1500 രൂപ
3. വയനാട്ടിൽ കർഷകർക്ക് ലഭിക്കുന്നത്- കിലോയ്‌ക്ക് 25 രൂപ
ഉത്പാദന ചെലവ് 8 ലക്ഷം രൂപ
ഒരേക്കറിലെ വരുമാനം 7.5 ലക്ഷം രൂപ
ഇടനിലക്കാർ കീശ വീർപ്പിക്കുന്നു
കർഷകർക്ക് കിലോയ്ക്ക് 25 രൂപ മാത്രം നൽകി സമാഹരിക്കുന്ന ഇഞ്ചി യഥാർത്ഥ ഉപഭോക്താക്കൾ വാങ്ങുമ്പോൾ 80 രൂപയിലധികമാകും. ഇടനിലക്കാരുടെ കടുത്ത ചൂഷണമാണ് കർഷകർക്ക് വിനയാകുന്നത്. നിലവിൽ ഇഞ്ചിയുടെ കൊച്ചിയിലെ മൊത്ത വില കിലോയ്ക്ക് 60 രൂപയും ചില്ലറ വില 80 രൂപയുമാണ്. പല കൈകൾ കടന്ന് കൃഷി ഭൂമിയിൽ നിന്ന് ഉത്പന്നം ഉപഭോക്താക്കളുടെ കൈയിലെത്തുമ്പാേൾ വിലയിലുണ്ടാകുന്ന വർദ്ധന മൂന്നിരട്ടിയിലധികമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |