തിരുവനന്തപുരം: കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിന് അവസരമൊരുക്കി പുതിയ പദ്ധതി നടപ്പാക്കുന്നു. കാർഷിക അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതിക വിദ്യയിലധിഷ്ടിതമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ പദ്ധതിയാണ്( പി.എം.എഫ്.എം.ഇ ) ഈ രംഗത്തെ സംരംഭകർക്ക് ആശ്വാസമാകുന്നത്.
35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ ഓരോ ജില്ലയിലെയും മുഖ്യ വിളകളെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി കാർഷിക വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.14 ജില്ലകളിലായി 10 കാർഷിക വിളകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
വ്യക്തികൾക്ക് പുറമെ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, സർക്കാരിതര സംഘടനകൾ ,സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയ്‌ക്ക് ആനുകൂല്യം ലഭ്യമാകും. നിലവിലുള്ളതിനും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതി ചെലവിന്റെ 35 ശതമാനമോ പരമാവധി 10 ലക്ഷം രൂപയോ വരെ സബ്സിഡിയായി ലഭിക്കും.
ജില്ല, താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.വെബ്‌സൈറ്റ് : mofi.nic.in / PMFME
10 കാർഷിക വിളകൾ
മരച്ചീനി, മറ്റ് കിഴങ്ങു വർഗങ്ങൾ, ചക്ക, നെല്ല്, കൈതച്ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, ഏത്തക്കായ, നാളികേരം, പാൽ, ചിപ്പിയും അനുബന്ധ ഉത്പന്നങ്ങളുമാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |