ന്യൂഡൽഹി: കൊല്ലപ്പെട്ട ടെന്നിസ് താരം രാധിക യാദവിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. കൊലപാതകത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് രാധികയുടെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുന്നത്. രാധികയുടെ വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമാണ് ടെന്നീസ് താരം കൂടിയായ ഹിമാൻഷിക സിംഗ് രജ്പുത് പറഞ്ഞത്.
തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം. രാധികയുടെ പിതാവ് ദീപക് യാദവാണ് അവളുടെ ജീവിതം നിയന്ത്രിച്ചിരുന്നതെന്നാണ് ഹിമാൻഷിക പറയുന്നത്. വ്യാഴാഴ്ചയാണ് രാധികയെ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 57ലെ വീട്ടിൽ വച്ച് പിതാവ് ദീപക് കൊലപ്പെടുത്തിയത്. തുടർന്ന് ദീപക്കിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
'എന്റെ ഉറ്റ സുഹൃത്താണ് രാധിക. അവളെ അവളുടെ പിതാവ് കൊലപ്പെടുത്തി. വർഷങ്ങളായി അവളുടെ ജീവിതം അയാൾ ദുരിതപൂർണമാക്കുകയായിരുന്നു. വീട്ടിലെ അന്തരീക്ഷം വളരെ കർശനമായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കൾ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവൾ ഈ നിലയിൽ എത്തിയത്. അവൾ ആൺകുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിർത്തിരുന്നു.
2012-2013 മുതൽ ഒരുമിച്ച് മത്സരിക്കാൻ തുടങ്ങിയവരാണ് ഞങ്ങൾ. ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്. മത്സരങ്ങളിൽ ഒരുമിച്ചെത്തി. എന്നാൽ അവൾ കുടുംബത്തിന് പുറത്തുള്ള ആരോടും അധികം സംസാരിച്ചരുന്നില്ല. വീട്ടിലെ നിയന്ത്രണങ്ങൾ കാരണം വളരെ ഒതുങ്ങി നിൽക്കുന്നവളായിരുന്നു രാധിക. അവൾക്ക് വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും ഇഷ്ടമായിരുന്നു. പക്ഷേ പിതാവിന്റെ ഭീഷണി കാരണം അതെല്ലാം അവൾ നിർത്തി'- ഹിമാൻഷിക വ്യക്തമാക്കി. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |