കണ്ണൂർ: വളപട്ടണം മോഷണക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരിവ്യാപാരി അഷ്റഫിന്റെ അയൽക്കാരനായ ലിജീഷ് ആണ് കേസിലെ പ്രതി. ഇയാൾക്ക് അഷ്റഫുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.വീട്ടിലെ ലോക്കറിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും സഞ്ചികളിലാക്കിയാണ് ഇയാൾ കൊണ്ടുപോയത്.രാത്രി ഭാര്യ ഉറങ്ങിയതിന് ശേഷമാണ് തൊണ്ടിമുതലുമായി വീട്ടിലെത്തിയത്. തുടർന്ന് കട്ടിലിനടിയിലുണ്ടാക്കിയ ലോക്കറിൽ സൂക്ഷിച്ചു.
തെളിവ് കിട്ടാതിരിക്കാൻ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചു. അവിടെ അബദ്ധം സംഭവിച്ചു. മുറിയുടെ ഉള്ളിലേക്കായിരുന്നു ഇത് തിരിച്ചുവച്ചത്. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രധാന തെളിവായത്. സിസിടിവി ദൃശ്യങ്ങളിൽ മോഷ്‌ടാവ് കഷണ്ടിയുള്ളയാളാണെന്ന് വ്യക്തമായിരുന്നു. വെറും നാൽപ്പത് മിനിട്ടുകൊണ്ടാണ് മോഷണം നടത്തിയത്.
വീട്ടിൽ കയറുമ്പോൾ അവിടെ ലോക്കർ ഉള്ള വിവരമൊന്നും പ്രതിക്ക് അറിയില്ലായിരുന്നു. അലമാര തപ്പിയപ്പോഴാണ് ലോക്കറിന്റെ താക്കോൽ കിട്ടിയത്. സ്വന്തമായി ലോക്കറുണ്ടാക്കാൻ അറിയാവുന്നയാളാണ് പ്രതി. അതിനാൽത്തന്നെ എളുപ്പത്തിൽ ലോക്കർ തുറക്കാനായി. മോഷണം നടത്തിയ ശേഷം മാസ്കും വസ്ത്രവും കത്തിച്ചുകളഞ്ഞിരുന്നു.
നവംബർ ഇരുപതിനാണ് മോഷണം നടന്നത്. നാല് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറംലോകമറിയുന്നത്. പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ആദ്യഘട്ടത്തിൽ ലിജീഷ് അടക്കം 215 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ‌്തു. കോഴിക്കോട് മുതൽ ബംഗളൂരു വരെയുള്ള സിസിടിവ് ദൃശ്യങ്ങൾ, സമാനമായ രീതിയിൽ ഭവനഭേദനം നടന്ന പഴയ 63 കേസുകൾ എന്നിവയെല്ലാം അന്വേഷണസംഘം പരിശോധിച്ചു. ഒടുവിലാണ് റൂമിൽ നിന്ന് പ്രതി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ലഭ്യമായത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |