കൊച്ചി: കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത മൂലമുണ്ടായ നഷ്‌ടവും കടവും സാധാരണക്കാരിൽ അടിച്ചേല്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ബോർഡിനെ ലാഭത്തിലാക്കി കടം കുറച്ചു. 2016ൽ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ കടം 1083 കോടി രൂപയായിരുന്നു. ഇപ്പോഴത് 45,000 കോടിയായി.
അനർഹർ പെൻഷൻ വാങ്ങുന്നതായി സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വർഷം സർക്കാർ അനങ്ങിയില്ല. ഗുരുതരകുറ്റകൃത്യം ചെയ്ത ഇവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജി. സുധാകരനോട് ബഹുമാനം
കെ.സി. വേണുഗോപാലും ജി. സുധാകരനുമായുള്ള കൂടിക്കാഴ്ചയെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. വ്യക്തിപരമായ സൗഹൃദം പുലർത്തുന്നവരാണ് ഇരുവരും. മന്ത്രിയായിരുന്നപ്പോൾ നീതിപൂർവം പെരുമാറിയ സുധാകരനോട് ആദരവും സ്‌നേഹവും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ പാർട്ടികൂറിനെ തങ്ങൾ ചോദ്യം ചെയ്യില്ല. സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ പ്രതികരിക്കുന്നില്ല. കേരള കോൺഗ്രസ് മാണി വിഭാഗവുമായി യു.ഡി.എഫ് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |